ന്യൂഡൽഹി: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേരളം വ്യക്തമാക്കി.
2014ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കേരളം കരാറുണ്ടാക്കിയിരുന്നു. 2016 മുതൽ വൈദ്യുതി വാങ്ങിയിരുന്നെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങൽ തടഞ്ഞു. പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മീഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.
ട്രിബ്യൂണലിന്റെ കേരളത്തിന് പ്രതികൂലമായ വിധിക്കെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിരമായി വാദം കേൾക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് കേരളത്തിനുവേണ്ടി അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.











Leave a Reply