മറയൂർ കാടുകളിൽ തോക്കേന്തി നായാട്ടുനടത്തി വാർത്തകളിൽ ഇടംനേടിയ ശിക്കാരി കുട്ടിയമ്മയെന്ന ആനക്കല്ല് വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ-87) ഓർമയായി. പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.
1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.
ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന് കാടു കയറി. ഒരിക്കല്‍ സഹോദരന് ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന് കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.
മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക.
കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി.സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ.
Leave a Reply