പല വിവാദത്തിലാകാറുണ്ടെങ്കിലും കേരളാപോലീസ് ഇന്ത്യയിലെ നമ്പർ വൺ സേന ആണെന്ന് തെളിയിക്കുന്ന സംഭവം കഴിഞ്ഞദിവസം കുമരകത്തുണ്ടായത്. ഫാനിലെ തുണിയിൽ തൂങ്ങിയാടിയ രണ്ട് ജീവനുകളാണ് പോലീസ് ഇന്നലെ രക്ഷിച്ചത്. ഗർഭിണിയായ യുവതിയാണ് കുഞ്ഞിനെ പോലും മറന്നുകൊണ്ട് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒരു നിമിഷം പോലീസ് വൈകിയിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന രണ്ട് ജീവനുകളെ പോലീസ് സമയോചിതമായ ഇടപെടലിൽ രക്ഷിക്കുകയായിരുന്നു.
വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സംഘമാണ് സഹായമഭ്യർത്ഥിച്ചുള്ള വിളിക്ക് പിന്നാലെ പാഞ്ഞ് രക്ഷകരായത്. അഞ്ചുമാസം ഗർഭിണിയായ യുവതിയുടെ അച്ഛനാണ് കഴിഞ്ഞദിവസം കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്‌ഐ എംഎ നവാസിനേയും സംഭവസ്ഥലത്ത് എത്തിക്കാൻ കാരണമായത്.
മകളുടെ ഭർത്താവ് മദ്യപിച്ചെത്തി ഗർഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാൻ ഭയമായതിനാൽ സഹായിക്കണമെന്നുമായിരുന്നു ഈ അച്ഛന്റെ അഭ്യർത്ഥന. ഈ വിവരം പോലീസ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘത്തിന് കൈമാറി. ഒരുനിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.
എഎസ്‌ഐ ബിനു രവീന്ദ്രൻ, സിവിൽപോലീസ് ഓഫീസർ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡിൽനിന്ന് 100 മീറ്റർ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനിൽ വിവരം അറിയിച്ച ആളെ തിരികെ വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
ഈ സമയത്ത് വീടിനകത്ത് ടിവി പ്രവർത്തിക്കുന്ന ശബ്ദംകേട്ടതിനാൽ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളിൽനിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. എഎസ്‌ഐയും സിവിൽപോലീസ് ഓഫീസറും ചേർന്ന് യുവതിയെ താങ്ങി ഉയർത്തിനിർത്തി. കഴുത്തിൽ മുറുകിയ തുണി കത്തിയെടുത്ത് മുറിച്ചുമാറ്റി താഴെയിറക്കി.
അബോധാവസ്ഥയിലായ യുവതിയെ വൈകാതെ തന്നെ എടുത്ത് പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി.
അതേസമയം, അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രതികരിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ ജോസ് മാത്യു, ബോബി സ്റ്റീഫൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.
Leave a Reply