പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എംഎല്‍എ എംബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ നിന്നും കുണ്ടറയില്‍ നിന്നുള്ള പ്രതിനിധി പിസി വിഷ്ണുനാഥ് മത്സരിക്കും. 99 എംഎല്‍എമാരുടെ പിന്തുണയുള്ള ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല.

രാവിലെ ഒന്‍പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് അംഗങ്ങള്‍ വോട്ടു ചെയ്യുക. പതിനൊന്നരയോടെ വോട്ടെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകും. കേരള നിയമസഭയുടെ 23-ാം സ്പീക്കര്‍ തിരഞ്ഞെടുപ്പാണിത്. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. ചിറ്റയം ഗോപകുമാറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി.

WhatsApp Image 2024-12-09 at 10.15.48 PM

സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ചരിത്ര നേട്ടത്തോടെ സഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണപക്ഷത്തെ നയിക്കും. മറുവശത്ത് അടിമുടി മാറ്റങ്ങളുമായാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതലയേറ്റതോടെ തലമുറമാറ്റമാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് സഭയില്‍ രണ്ടാം നിരയിലേക്ക് മാറേണ്ടി വന്ന രമേശ് ചെന്നിത്തല തന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യമുണ്ട്. ഒരു തുള്ളി രക്തം പോലും ഈമണ്ണിൽ ചൊരിയിക്കാതെ , ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവർത്തനം നടത്താൻ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. ചെന്നിത്തല കുറിച്ചു.