തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. ആദ്യഘട്ടത്തിൽ കനത്ത പോളിങ്ങാണ്. പതിവിലും കൂടുതൽ സമയം വോട്ട് രേഖപ്പെടുത്താൻ എടുക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു.
മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം.
രണ്ടാംഘട്ട പോളിങ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കലാശക്കൊട്ട് ഉണ്ടാകില്ല. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനാലിനാണ് പോളിങ്.
സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വർണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്ത് നിന്ന് ഒളിച്ചോടി. പരാജയം ഉറപ്പായതുകൊണ്ടാണ് അദ്ദേഹം നിന്ന് പിന്മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. ഉയർന്ന പോളിങ് ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.വോട്ടെണ്ണല്‍ 16 നാണ്.
Leave a Reply