ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാർഡിഫ് : എട്ടാം വയസിൽ ലോക റെക്കോർഡ് സ്വന്തമാക്കി യുകെയിലെ മലയാളി പെൺകുട്ടി. 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയവും ഏറ്റവും വേഗത്തിൽ പറഞ്ഞ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് ഇനി ആനി വിൻസ്റ്റണിന് സ്വന്തം. വെയിൽസിലെ കാർഡിഫിൽ സ്ഥിരതാമസമാക്കിയ മുവാറ്റുപുഴ സ്വദേശി വിൻസ്‌റ്റൺ ജേക്കബിന്റെയും ജിൻസി വിൻസ്‌റ്റണിന്റെയും മൂത്ത മകളാണ് ആനി. രണ്ട് വയസ്സുള്ള ജേക്കബ് വിൻസ്റ്റൺ സഹോദരനാണ്. 7 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയവും പറഞ്ഞാണ് ആനി റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 10 വയസ്സുകാരിയുടെ പേരിലുണ്ടായിരുന്ന 12 മിനിറ്റ് 24 സെക്കൻഡിന്റെ റെക്കോർഡാണ് കാർഡിഫിലെ പോൻസ്‌പ്രെനോ പ്രൈമറി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആനി തകർത്തത്.
OMG ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സംഘടിപ്പിച്ച ലൈവ് സ്ട്രീം ഇവന്റിലായിരുന്നു ഈ റെക്കോർഡ് നേട്ടം. 3 വയസുള്ളപ്പോൾ തന്നെ അച്ഛൻ മകൾക്കു ലോകരാജ്യങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കുമായിരുന്നു. നേഴ്‌സറി, സ്‌കൂൾ യാത്രകൾക്കിടയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് ആനിനോട് സംസാരിച്ചു. ഇങ്ങനെയാണ് കൂടുതൽ പഠിക്കാനും അറിയാനുമുള്ള ആഗ്രഹം കുട്ടിക്കാലം മുതൽ ഉണ്ടാകുന്നത്. പതിയെ രാജ്യങ്ങളുടെ തലസ്ഥാനവും അവിടുത്തെ നാണയങ്ങളും ആനി പഠിച്ചു തുടങ്ങി.
‘‘ചെറുപ്പത്തിലേ വിവരങ്ങൾ പെട്ടെന്നു മനസ്സിലാക്കാനും ഹൃദ്യസ്ഥമാക്കാനും ആനിക്ക് കഴിയുന്നുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. ലോക റെക്കോർഡ് നേടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. വാക്കുകൾ കൊണ്ടു ഞങ്ങളുടെ സന്തോഷം അറിയിക്കാനാവില്ല. ഇത് ഭാവിയിൽ അവളെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുമെന്നു വിശ്വസിക്കുന്നു.’’– ആനിയുടെ മാതാപിതാക്കൾ പറഞ്ഞു. പുതിയ തലസ്ഥാനങ്ങളും നാണയങ്ങളും പഠിക്കാൻ ആഴ്ചയിൽ 15–20 മിനിറ്റാണ് ആദ്യ കാലത്ത് ചെലവഴിച്ചിരുന്നത്. പിന്നീട് ദിവസവും പഠിക്കാൻ തുടങ്ങിയെന്നും ആനി പറയുന്നു. എല്ലാം പഠിച്ചെടുക്കാന്‍ നാലു വർഷം വേണ്ടി വന്നു. അടുത്തിടെ മരണപ്പെട്ട തന്റെ മുത്തച്ഛന് ഈ നേട്ടം സമർപ്പിക്കുന്നതായി ആനി പറഞ്ഞു.
പഠനത്തിനു പുറമേ ബാഡ്മിന്റൺ, കുങ്ഫു, നീന്തൽ എന്നിവയാണ് ആനിയുടെ മറ്റു വിനോദങ്ങൾ. നിലവിൽ അണ്ടർ 11 ബാഡ്മിന്റൺ ചാമ്പ്യനായ ആനി അടുത്തിടെ വെൽഷ് ടീം ട്രയലിനായി തിരഞ്ഞെടുക്കപ്പെട്ടു. വിൻസ്റ്റൺ ജേക്കബ് ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർട്‌ണർഷിപ്പ് തലവനായും ജിൻസി വിൻസ്റ്റൺ കാർഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റായും പ്രവർത്തിക്കുന്നു. 2006-ലാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്.
Leave a Reply