ലണ്ടന്‍: കെഎഫ്‌സിയുടെ യുകെയിലെ നിരവധി സ്റ്റോറുകള്‍ ചിക്കന്‍ സപ്ലൈ നിലച്ചതിനാല്‍ അടച്ചു. സ്റ്റോറുകളില്‍ ചിക്കന്‍ എത്തിക്കാനുള്ള സംവിധാനത്തിലുണ്ടായ തകരാറാണ് 600ഓളം സ്‌റ്റോറുകള്‍ അടച്ചു പൂട്ടാന്‍ കാരണമായത്. 900 ഔട്ട്‌ലെറ്റുകളാണ് കെഎഫ്‌സിക്ക് യുകെയില്‍ ഉള്ള്. തുറന്നിരുന്ന 292 ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ചിക്കന്‍ ഇല്ലാതിരുന്നതിനാല്‍ മെനുവില്‍ ഉള്ള വിഭവങ്ങള്‍ എല്ലാം നല്‍കാനും സാധിച്ചില്ല. പല റെസ്‌റ്റോറന്റുകളും പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

പുതിയ ഡെലിവറി പാര്‍ട്‌നറായ ഡിഎച്ച്എലിന് നേരിട്ട പ്രാഥമിക പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. യുകെയിലെ 900ത്തോളം വരുന്ന ഔട്ട്‌ലെറ്റുകളിലേക്ക് ഫ്രഷ് ചിക്കന്‍ എത്തിക്കുക എന്ന വലിയ ജോലിയാണ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ ഈ ജോലിയേറ്റെടുത്ത പുതിയ കമ്പനിക്ക് ആദ്യ ഘട്ടത്തില്‍ അതിന് സാധിക്കാതെ വരികയായിരുന്നു.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അതുകൊണ്ടുതന്നെ സ്റ്റോറുകള്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയോ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ എല്ലാ മെനുവും ലഭ്യമല്ലെന്നും കെഎഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു. ഡിഎച്ച്എല്‍, ഫുഡ്‌സര്‍വീസ് ലോജിസ്റ്റിക്‌സ് പ്രൊവൈഡറായ ക്യുഎസ്എല്‍ എന്നിവയുമായിച്ചേര്‍ന്ന് ഡെലിവറി ചെയിന്‍ ആരംഭിക്കാനുള്ള ധാരണ നവംബറിലാണ് കെഎഫ്‌സി ഒപ്പുവെച്ചത്.