ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച സൗദി രാജകുടുംബത്തിന്റെ അവകാശവാദം തള്ളി തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയ്യിബ് എര്‍ദോഗന്‍. ഖഷോഗിയുടെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് എര്‍ദോഗന്‍ ചൂണ്ടിക്കാണിച്ചു. ഇതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഖഷോഗി വധം സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി നടന്നതെന്നായിരുന്നു സൗദി ഭരണകൂടം വാദിച്ചത്. എന്നാല്‍ സൗദി ഭരണാധികാരിയുടെ നേരിട്ടുള്ള അറിവോടെയാണ് കൊലപാതകം നടന്നതെന്ന് നേരത്തെ തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അങ്കാറയില്‍ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സൗദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എര്‍ദോഗാന്‍ രംഗത്ത് വന്നത്. ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിക്ക് കൃത്യമായ പങ്കുണ്ടെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകം ദിവസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്തതാണ്. കൊലപാതകം നടന്നുവെന്ന കാര്യം സൗദി അധികൃതര്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വേണം. ആരൊക്കെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. താഴെ മുതല്‍ മുകളില്‍ വരെയുള്ളവര്‍ ആരെന്ന് വ്യക്തമാക്കാന്‍ സൗദി തയ്യാറാകണം. ഇത് എല്ലാവര്‍ക്കും അറിയേണ്ട കാര്യമാണെന്നും കൊലപാതകം നടന്ന അതേദിവസം എന്തിനാണ് ഈ പതിനഞ്ചുപേര്‍ ഇസ്താംബുളിലെത്തിയത്. ആരു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ നടപ്പിലാക്കിയതെന്നും എര്‍ദോഗാന്‍ ചോദിച്ചു.

ഖഷോഗിയുടെ നീക്കങ്ങള്‍ കൊലപാതക സംഘത്തിന് അറിയാമായുന്നു. വെള്ളിയാഴ്ച്ച കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ചൊവ്വാഴ്ച്ച തിരികെ വരാന്‍ പറഞ്ഞയച്ചു. അന്നത്തേക്ക് കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തുവെന്ന് എര്‍ദോഗാന്‍ ആരോപിച്ചു. കേസ് അന്വേഷിക്കാന്‍ സ്വതന്ത്രമായ ഒരു കമ്മീഷന്‍ ആവശ്യമാണെന്നും ഇതിന് സല്‍മാന്‍ രാജാവിന്റെ പൂര്‍ണ പിന്തുണ വേണമെന്നും എര്‍ദോഗാന്‍ പറഞ്ഞു. നേരത്തെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗിയുടെ വധത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എര്‍ദോഗാന്‍ കിരീടവകാശിയുടെ പേര് പരാമര്‍ശിച്ചില്ല. ഖഷോഗിയുടെ വധത്തിന് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരോപണം നിഷേധിച്ച് സൗദി രംഗത്ത് വന്നിരുന്നു. ഖഷോഗിയുടെ മകനെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിളിച്ചു വരുത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സൗദി കിരീടവകാശിയുടെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളായിരുന്നു ഖഷോഗി.