ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ മൂന്ന് വെയർഹൗസ് യൂണിറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ. 1200 പേരാണ് മൂന്നിടങ്ങളിലായി ജോലി ചെയ്യുന്നത്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ. സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹെമൽ ഹെംപ്‌സ്റ്റെഡ്, ഡോൺകാസ്റ്റർ, ഗൗറോക്ക് എന്നിവിടങ്ങളിലെ സൈറ്റുകൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് മറ്റ് ആമസോൺ ലൊക്കേഷനുകളിൽ റോളുകൾ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം, പുതിയ ഫുൾഫിൽമെന്റ് സെന്ററുകളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആമസോൺ ഒരുങ്ങുന്നുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. കമ്പനിയിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ രീതിയിൽ നെറ്റ്‌വർക്ക് സംവിധാനം മെച്ചപ്പെടുത്തുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഇതിനായിട്ടാണ് പഴയ സൈറ്റുകൾ അടച്ചുപൂട്ടുന്നതെന്നും മറ്റ് കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടച്ച് പൂട്ടുന്ന സൈറ്റുകളിലെ തൊഴിലാളികൾക്ക് മറ്റ് ഇടങ്ങളിൽ ജോലി നൽകാനാണ് ഒരുങ്ങുന്നത്.

നിലവിൽ ഏകദേശം 500 ജീവനക്കാർ ആമസോണിന്റെ ഹേമൽ ഹെംപ്‌സ്റ്റെഡ് സൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം അടുത്തുള്ള ഡൺസ്റ്റബിൾ വെയർഹൗസിലോ മറ്റ് സ്ഥലങ്ങളിലോ മാറ്റാനാണ് തീരുമാനം. 400 ജീവനക്കാരുള്ള ഡോൺകാസ്റ്റർ സൈറ്റിലെ ആളുകളെ ഡോൺകാസ്റ്ററിന്റെ ഐപോർട്ടിലെ മറ്റ് രണ്ട് നിർമ്മാണ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നത്. പുതിയ ജോലി സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് പരിശീലനവും പ്രാക്ടിക്കൽ സെഷനുകളും നൽകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.