വയനാട്ടിൽ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികളാണ്. ഇരിട്ടി ഡോൺ ബോസ്‌കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്‌ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്‌നേഹ ജോസഫ്(20) എന്നിവരാണ് മരിച്ചത്.

മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കോളേജിലെ അവസാനവർഷപരീക്ഷ പൂർത്തിയാക്കി ഇറങ്ങിയ സഹപാഠികൾ ഒരുമിച്ച് മലയാറ്റൂരിലെ തീർത്ഥാടന കേന്ദ്രത്തിൽ പോകുകയായിരുന്നു തിരികെ മടങ്ങവേ യാത്ര വയനാട് വഴിയാക്കുകയിരുന്നു. ഈ യാത്രയിലാണ് അപകടം ഉണ്ടായത്. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ ബി.കോം. ഫിനാൻസ് വിദ്യാർത്ഥിനിയാണ് ജിസ്‌ന, സ്‌നേഹയും അഡോണും സാൻജോയും ബി.സി.എ. വിദ്യാർത്ഥികളും. അവസാനവർഷ പരീക്ഷയും കഴിഞ്ഞ് മലയാറ്റൂരിലേക്ക് പ്രാർത്ഥനയ്ക്കായി പോകുമ്പോൾ അഡോണും സ്‌നേഹയും സഹോദരങ്ങളെയും ഒപ്പംകൂട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽനിന്ന് ലഭിച്ച മൊബൈലിൽ മലയാറ്റൂരിലേക്കുള്ള ഗൂഗിൾ മാപ്പായിരുന്നു തെളിഞ്ഞതും. ഇതിനിടെ കോഴിക്കോട്ടെത്തിയപ്പോൾ ഇവർ ബന്ധുക്കളെ വിളിച്ചതായും സൂചനയുണ്ട്. പിന്നീട് ബന്ധുക്കളെ തേടിയെത്തുന്നത് അപകടവാർത്തയാണ്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിന് 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.വലിയ ശബ്ദമായിരുന്നു ആദ്യം കേട്ടത്, ഓടിയെത്തിയപ്പോൾ കണ്ടത് താഴ്ചയിൽക്കിടക്കുന്ന കാർ – പ്രദേശവാസിയും ദൃക്സാക്ഷിയുമായ ജലീൽ വിവരിച്ചു.

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാർതന്നെയാണ് വാഹനങ്ങളിൽ ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. അപകടം നടന്നതിന് സമീപത്തെ വീട്ടിൽനിന്നുള്ള സി.സി. ടി.വി. ഫുട്ടേജ് പൊലീസ് പരിശോധിച്ചതിൽ നല്ല വേഗത്തിലായിരുന്നു കാറോടിച്ചതെന്നാണ് സൂചന. വളവുകളും തിരിവും ഏറെയുള്ള റോഡാണിത്. റോഡിൽനിന്ന് താഴ്ചയിലേക്ക് കാർ തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിൽ പതിഞ്ഞത്. റോഡിലെ വൈദ്യുതപോസ്റ്റിൽ തട്ടി, താഴേക്കുപതിക്കുകയായിരുന്നു കാർ, പറമ്പിലെ പ്ലാവിലും കിണറിന്റെ റിങ്ങിലും തട്ടിയിട്ടുണ്ട്. പ്ലാവ് ഒടിഞ്ഞുപോയി. തലകീഴായി മറിഞ്ഞ കാറിന്റെ മുൻഭാഗവും മുകൾവശവും പൂർണമായി തകർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാർ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടത് കണ്ണൂർ, കാസർകോട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടും കല്പറ്റയിലെ ഫാത്തിമമാതാ ആശുപത്രിയിലും പരിസരത്തും നാട്ടുകാർ കൂടിനിന്നു. ഇതിനിടെ ഗുരുതരപരിക്കേറ്റ ഡിയോണയെ മേപ്പാടി വിംസ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽപ്പെട്ടവരുടെ അടുത്തബന്ധുക്കളെ കണ്ടെത്തുന്നതിന് സഹായമായതും നാട്ടുകാരുടെ ഇടപെടലാണ്. കാറിൽനിന്ന് കണ്ടെടുത്ത രേഖകളും ഫോണുകളും പരിശോധിച്ച് പൊലീസാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്.