യുവതിയെ ചികിത്സിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ  യുവാവും യുവതിയും അറസ്റ്റിലായി. ഗൂഡല്ലൂര്‍ സ്വദേശിനി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.രഹസ്യഭാഗത്ത് വേദനയെന്ന പേരിൽ , നസീമയെ ചികിത്സിക്കുന്ന ഡോക്ടറെ ഇവര്‍ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി കുടുക്കില്‍ പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും ഡോക്ടര്‍ ആദ്യം പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ പ്രതികള്‍ വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെയാണ് പരാതിയുമായി ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.

നസീമ അവശ നിലയിലാണെന്നും ചികിത്സിക്കാന്‍ വീട്ടില്‍ വരണമെന്നും പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍ വീട്ടിലെത്തിയപ്പോള്‍ നസീമ അടുത്തിടപഴകുകയും ഇവരുടെ സഹായിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അമീന്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടില്‍ വെച്ച് ഗൂഗിള്‍ പേ വഴി 45,000 രൂപ കൈക്കലാക്കി. ഡോക്ടര്‍ രക്ഷപ്പെട്ട് പുറത്തിറങ്ങിയപ്പോള്‍ കാറിന്റെ താക്കോല്‍ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഒടുവില്‍ പിറ്റേ ദിവസം അഞ്ച് ലക്ഷം രൂപ എത്തിച്ചു നല്‍കിയ ശേഷമാണ് കാര്‍ വിട്ടു നല്‍കിയത്.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇടുക്കിയിലായിരുന്ന പ്രതികള്‍ തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ പെടുത്തിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.