കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മോഷണം നാടകമാണെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ടവർക്ക് പാലക്കാടും സേലത്തും നടന്ന വാഹനാപകടങ്ങളിലും ദുരൂഹത തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ‘മന്നാർഗുഡി മാഫിയ’ പ്രമുഖനായ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനിലേക്ക് നീങ്ങുന്നു എന്നാണ് സൂചന .

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പാലക്കാട് അപകടത്തിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ  ഭാര്യയും മകളും അപകടത്തിന് മുൻപേ കൊല്ലപ്പെട്ടതായി സംശയം ഉയരുന്നു. ഇരുവരുടെയും മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് ഇത്തരം ഒരു സംശയമുയരാൻ കാരണം. കേരളത്തിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യം നടത്താനായി നിയോഗിച്ച കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതും ദുരൂഹമാണ്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കാനായി കനകരാജിന് നിർദേശം നൽകിയത് ആരെന്നു പറയാൻ കനകരാജിന് മാത്രമേ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കനകരാജിന്റെ മരണവും ദുരൂഹമാവുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശശികലയുടെ ബന്ധുവും ‘മന്നാർഗുഡി മാഫിയയിലെ’ പ്രമുഖനുമായ ടി ടി വി ദിനകരനിലേക്കാണ് തമിഴ്‌നാട് പോലീസിന്റെ അന്വേഷണം നീളുന്നത്. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനായി നടത്തിയ നാടകമാണ് കോടനാട് എസ്റ്റേറ്റിൽ നടന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനു പിന്നിൽ മന്നാർഗുഡി മാഫിയയുടെ കരങ്ങളുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ശശികല വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ചു എന്ന പരാതിയിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ദിനകരൻ.