സിപിഎമ്മിന്റെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു.തോളിലേറ്റിയ പിണറായി…. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലെടുത്ത് മുന്നില്‍ നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ല്‍ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍മുന്നില്‍ നിന്നത് പിണറായി വിജയനായിരുന്നു.
സഹോദരനെ നഷ്ടപ്പെട്ട വേദനയില്‍ മൃതദേഹം തോളിലെടുത്ത് മുന്‍പന്തിയില്‍ പിണറായി വിജയന്‍ നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ‘സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍’ എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു.മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങങ്ൾ അണിചേർന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്.
വാഹനത്തിൽനിന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ മൃതദേഹം തോളിലേറ്റി .ആ നേരം ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ’ എന്ന് ആയിരം കണ്ഠങ്ങളിൽ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു.കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല , തുടർന്ന് മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകർന്നു.
രാഷ്ട്രീയഭേദമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പതിനൊന്നുമണിയോടെ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് നേതാക്കളായ എം.കെ.രാഘവന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും എത്തി.
Leave a Reply