ജിസ്മി മോൾടെ പഴയ ഷെഡ്

കട്ടപ്പന : സ്വരാജ് മുരിക്കാട്ടുകുടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്നാം ക്ലാസ്  വിദ്യാർത്ഥിനി ജിസ്മി മോൾക്ക് ഈ പൊന്നോണം ഇരട്ടി മധുരം നൽകുന്നു . കൂലിപ്പണി ചെയ്തു ജീവിക്കുന്ന ജിസ്മിയുടെ പിതാവ് പൊയ്കയിൽ ടോമിയും ജിസ്മിയുടെ അമ്മ ജിൻസിയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് സെറ്റിൽമെന്റ് ഏരിയയിൽ പ്ലാസ്റ്റിക് ഷീറ്റ്
കൊണ്ട് മറച്ചിരുന്ന ഷെഡിലാണ്. വീടിനായി പല വാതിലുകളിലും മുട്ടിയെങ്കിലും കൈവശവകാശമോ  മറ്റുരേഖകളോ ഇല്ലാത്തതതിനാൽ വീടിനുള്ള സഹായം ഇവർക്ക് ലഭിക്കുകയുണ്ടായില്ല.   ജിസ്മി മോളുടെ സ്കൂളിലെ അദ്ധ്യാപികയായ ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ടീച്ചർ ഇവരുടെ ദുരവസ്ഥ കണ്ട് ഒരു വീട് നിർമിക്കാനുള്ള പ്രാരംഭ തയാറെടുപ്പുകൾ നടത്തി .ലബ്ബക്കട ജെ പി എം കോളേജിലെ രണ്ടാം വർഷ ബി എഡ് വിദ്യാർത്ഥികൾ പതിനായിരം രുപയ്ക്കുള്ള കട്ട വാങ്ങി അത് ചുമന്ന് നൽകുകയും ചെയ്തു .തുടർന്ന് ഇവരുടെ വീട് നിർമാണത്തിനായി ലിൻസി ടീച്ചർ പലരെയും സമീപിക്കുകയും ടീച്ചറിൻറെ ഭർത്താവ് സെബാസ്ററ്യൻ ജോലി ചെയ്യുന്ന കുട്ടിക്കാനം മരിയൻ കോളേജിലെ എം. സി. എ ഡിപ്പാർട്മെന്റിലെ അദ്ധ്യാപിക രാജി രാമകൃഷ്ണൻ ജിസ്മി മോളുടെ വീട് നിർമാണം ഏറ്റെടുക്കുകയുമായിരുന്നു . കഴിഞ്ഞ പ്രളയത്തിൽ ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലെ നിരവധി പേർക്ക് “കാവലായി “എന്ന പേരിൽ ട്രസ്റ്റ് സ്ഥാപിച്ചു നിരവധി ആളുകൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും രാജി രാമകൃഷ്ണൻ നൽകിയിരുന്നു .

ഭവനം നഷ്ടപെട്ട കീരിക്കരയിലെ വിധവയായ ചിന്നമ്മക്കും, വാഗമണ്ണിലെ സുശീലനും രാജി രാമകൃഷ്ണൻ വീട് നിർമിച്ചു നൽകിയിരുന്നു. തന്റെ സുഹൃത്തുക്കളുടെയും,നവ മാധ്യമങ്ങളുടെയും  വിക്ടോറിയായിലെ ബെൻഡിഗോ മലയാളി അസോസിയേഷൻറെയും സഹകരണത്തോടെയാണ് കോളേജ് അധ്യാപികയായ രാജി രാമകൃഷ്ണൻ അർഹരായവർക്ക് സഹായം നൽകുന്നത് . നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം കാഞ്ചിയാർ ഗ്രാമ പഞ്ചയത്ത് പ്രെസിഡണ്ട് വി.ആർ ശശി നിർവഹിച്ചു . കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ആശ ആന്റണി ഗ്രാമ പഞ്ചയത്ത് അംഗം തങ്കമണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിച്ചു .

ജിസ്മിമോൾക്കായി നിർമിച്ചനൽകിയ വീട്