കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിൽ കൂട്ടത്തല്ല്. ഒടുവിൽ സംഘർഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരിൽനിന്നെത്തിയ മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബവും കച്ചവടക്കാരും തമ്മിലാണ് ബീച്ചിൽ ഏറ്റുമുട്ടിയത്.

അഞ്ചുപേരടങ്ങിയ കുടുംബം ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നൽകിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. എന്നാൽ, കോവിഡ് ആയതിനാൽ നൽകിയ കപ്പലണ്ടി തിരികെ വാങ്ങാൻ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവർ കച്ചവടക്കാരന്റെ മുന്നിൽവച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തർക്കം മുറുകിയതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.

പിന്നീടുണ്ടായ കൂട്ടത്തില്ലിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘർഷസ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.