കൊല്ലം ഓച്ചിറയിൽ രാജസ്ഥാനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഹമ്മദ് റോഷനും പതിനഞ്ചുകാരിക്കുമായി പൊലീസ് സംഘം ബംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം മുഹമ്മദ് റോഷനും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് റോഷന്റെ അച്ഛൻ പറഞ്ഞു.

ഒച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിലാണ് മൂന്നു പേരെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ വലിയകുളങ്ങര സ്വദേശി പ്യാരി,വിപിൻ, അനന്തു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും ഇരുപതു വയസിനു താഴെപ്രായമുള്ളവരാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയും മുഹമ്മദ് റോഷനും ബംഗളുരുവിലേക് കടന്നുവെന്നാണ് നിഗമനം.

ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘവും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. അതേ സമയം മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടി മുൻപും റോഷനൊപ്പം പോയിട്ടുണ്ട്. കുറ്റം ചെയ്ത മകനെ സംരക്ഷിക്കില്ലെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ പറഞ്ഞു

രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വലിയകുളങ്ങരയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു