‘എന്റെ കുഞ്ഞൂ… നിന്റെ കണ്ണിനെന്തു പറ്റിയെടാ?’ ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്ന് ഉറുമ്പേത്ത് വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളിലും നനവു പടർത്തി. ബന്ധുക്കളും കൂട്ടുകാരും ‘കുഞ്ഞു’ എന്നാണ് ഷാനിനെ വിളിച്ചിരുന്നത്.

ഷാനിനു വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ വാച്ചും മാലയും കണ്ണടയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കാൻ ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണു വീട്ടിലേക്കു കൊണ്ടുവന്നത്. ഷാനിന്റെ പിതാവ് ബാബു ജോസഫ് വാഹനാപകടത്തെത്തുടർന്ന് കിടപ്പിലാണ്. കൊല്ലം ആയൂർ വയ്യാനത്താണ് അദ്ദേഹം താമസം. ബാബു ജോസഫും കീഴുക്കുന്നിലെ വീട്ടിലെത്തിയിരുന്നു.

1.30ന് മൃതദേഹം പിതാവ് ബാബു ജോസഫിന്റെ വയ്യാനത്തുള്ള ഇടക്കരിക്കത്തിൽ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4.30നു സംസ്കാരം നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ശരിയായി തുന്നിക്കെട്ടിയില്ലെന്നു ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടു പരാതിപ്പെട്ടു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി

ഗുണ്ടാ നേതാവ് ലുതീഷിനെ മർദിക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശേഷം എതിർ സംഘാംഗം ശരത് പി. രാജ് (സൂര്യൻ) ഇങ്ങനെ പോസ്റ്റിട്ടു. ഈ പോസ്റ്റ് ഷാൻ ബാബു ലൈക് ചെയ്തു. സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു. ഷാൻ ബാബുവിനോട് ജോമോനു പക തോന്നിയതും ജീവനെടുത്തതും സമൂഹ മാധ്യമത്തിലെ ആ പോസ്റ്റാണ്. അതിനിടെ സൂര്യനൊപ്പം കൊടൈക്കനാലിൽ നിൽക്കുന്ന ഫോട്ടോയും ഷാൻ ബാബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

അതോടെ ജോമോനും ലുതീഷും ഉറപ്പിച്ചു; ഷാനിനെ പിടിച്ചാൽ സൂര്യനെ കണ്ടെത്താം. ലുതീഷിനെ തല്ലിയ അതേ രീതിയിൽ പ്രതികാരം ചെയ്യാം. വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഷാന്റേതെന്ന് പൊലീസ് പറഞ്ഞു.സൂര്യന്റെയും ലുതീഷിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങൾ തമ്മിൽ ആക്രമണം പതിവാണ്. സംഘാംഗങ്ങൾക്കെതിരെ 20 കേസുകളുണ്ട്. പലരും കാപ്പ കേസിൽ ജില്ലയ്ക്കു പുറത്താണ്. ലുതീഷിനെ തൃശൂരിലേക്കു വിളിച്ചു വരുത്തി വിവസ്ത്രനാക്കിയായിരുന്നു മർദനം.

അതു ലുതീഷിന്റെ സംഘത്തിന് നാണക്കേടായി.അന്നു മുതൽ പ്രതികാരത്തിനായി സംഘം സൂര്യനെ തിരയുകയാണ്. മർദ്ദനത്തിനു ശേഷം സൂര്യനും സംഘവും ഒളിവിലായിരുന്നു. നാടുകടത്തപ്പെട്ട ജോമോനും കോട്ടയത്തിനു പുറത്തായിരുന്നു. സൂര്യൻ തന്നെ ലക്ഷ്യമിടുന്നതായി ജോമോനു ഭീതിയുണ്ടായിരുന്നു. അതിനിടെയാണ് ഷാൻ ഫോട്ടോ ലൈക് ചെയ്തതു കണ്ടത്. ഇതോടെ പകയേറി. കാപ്പ ഇളവു തേടി ജോമോൻ നാട്ടിലെത്തി. ഞായറാഴ്ച ഷാനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

കാപ്പ നിയമപ്രകാരം നാടു കടത്തപ്പെട്ട ജോമോന്റെ വീട് എവിടെയെന്ന് പൊലീസിന് അറിയില്ലായിരുന്നു. സംഭവത്തിൽ വീഴ്ചയില്ലെന്ന് പൊലീസ് പറയുമ്പോഴും ഞായറാഴ്ച രാത്രി പൊലീസിന് പാളിച്ച പറ്റി.

ഷാനിന്റെ അമ്മ ത്രേസ്യാമ്മ രാത്രി വന്നു പരാതി കൊടുത്തപ്പോൾ തന്നെ ജോമോനെക്കുറിച്ച് സംശയം പറഞ്ഞിരുന്നു. ജോമോൻ താമസിക്കുന്നത് കോട്ടയം ടിബിക്ക് സമീപത്തെ വീട്ടിലെന്നു കരുതി അവിടെയെത്തി. ഇയാൾ മാങ്ങാനത്തേക്കു താമസം മാറിയത് പൊലീസ് അറിഞ്ഞില്ല. ഈ വീടിനു സമീപത്തു വച്ചാണ് ഷാനിനെ സംഘം ക്രൂരമായി മർദിച്ചത്.

ഒരുപക്ഷേ ആ സമയം മാങ്ങാനത്ത് എത്തിയിരുന്നെങ്കിൽ സംഘത്തെ പിടികൂടാമായിരുന്നു. ഗുണ്ടാ നടപടി പ്രകാരം എല്ലാ ആഴ്ചയും ഗുണ്ടകളെ നിരീക്ഷിക്കണം. ഡോസിയർ അപ്ഡേഷൻ നടത്തണം. ഗുണ്ടകളെ സംബന്ധിച്ച വിവരശേഖരണവും അതു പുതുക്കി വയ്ക്കലുമാണ് ഡോസിയർ അപ്ഡേഷൻ. എല്ലാ വെള്ളിയാഴ്ചയും ഗുണ്ടകളെ സ്റ്റേഷനിൽ പരേഡിൽ വിളിച്ചു നിർത്തണം. വിലാസവും ഫോൺ നമ്പറും എഴുതി വയ്ക്കണം. ആ നടപടി ഇവിടെ ഉണ്ടായില്ല.

പരാതി നൽകിയ സമയത്ത് എഫ്ഐആർ എടുത്തില്ല. തട്ടിക്കൊണ്ടു പോയ സമയത്ത് ഷാൻ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരാതിയോടൊപ്പം ലഭിക്കാത്തതിനാലാണ് എഫ്ഐആർ എടുക്കാൻ വൈകിയത്.പൊലീസ് രാത്രിയിൽ കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്താറുണ്ട്. എന്നാൽ ഓട്ടോയിൽ യുവാവുമായി ഗുണ്ടാ സംഘം നഗരത്തിനു ചുറ്റും യാത്ര ചെയ്തെങ്കിലും പൊലീസ് കണ്ടില്ല.