കണ്ടക്ടറില്ലാതെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഓടിയത് , 18 കിലോമീറ്റർ.ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ബസ് മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയാണ് കണ്ടക്ടറില്ലാതെ ഓടിയത്

കണ്ടക്ടറില്ലാതെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്  ഓടിയത് , 18 കിലോമീറ്റർ.ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ബസ്  മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയാണ്  കണ്ടക്ടറില്ലാതെ   ഓടിയത്
June 10 06:37 2019 Print This Article

യാത്രക്കാരന്റെ ഡബിൾ ബെൽ കേട്ട് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് 18 കിലോമീറ്റർ കണ്ടക്ടർ ഇല്ലാതെ ഓടി. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിടുകയായിരുന്നു.

നേരത്തെ മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് കാര്യമറിയാതെ ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.

2 ദിവസം മുൻപ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ വഴിയിലാക്കിയത്.
,

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles