വിജനമായ സ്ഥലത്ത് രാത്രിയില്‍ ബസിറങ്ങിയ യാത്രക്കാരി ഒറ്റയ്ക്കാണെന്നറിഞ്ഞ് കാവല്‍ നിന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.ദേശീയപാത 183-ല്‍ പൊടിമറ്റത്ത് ചൊവ്വാഴ്ച രാത്രി 11.20-ന് എറണാകുളം-മധുര ബസില്‍ യുവതി വന്നിറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്തിയിരുന്നില്ല.
ഒരു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് തനിച്ചാക്കി യാത്ര തുടരേണ്ടതില്ലെന്ന് ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി.ഷാജുദ്ദിനും ഡ്രൈവര്‍ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറും തീരുമാനിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന്റെ പടിക്കലെത്തിയപ്പോഴാണ് സംഭവം. വ്യാപാരികളുടെ ഹര്‍ത്താല്‍ ആയതിനാല്‍ നിരത്തില്‍ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. നിറയെ യാത്രക്കാരുമായി പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു.
തുടര്‍ന്ന് ബസ് 15 മിനിട്ടോളം നിര്‍ത്തിയിട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടായതുമില്ല.
കണ്ണൂര്‍ കരുവഞ്ചാല്‍ അറയ്ക്കല്‍ ജോസഫ് -ഏലിയാമ്മ ദമ്പതികളുടെ മകള്‍ ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ എംഫില്‍ ചെയ്യുന്ന എല്‍സീന ഗവേഷണ ആവശ്യത്തിനായി എറണാകുളത്ത് എത്തിയതായിരുന്നു. കുട്ടിക്കാനം മരിയന്‍ കോളജില്‍ രാവിലെ 9-ന് എത്തേണ്ടതിനാല്‍ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു വരികയായിരുന്നു. കുടുംബ സുഹൃത്ത് ഡോ.ചാക്കോച്ചന് ഞാവള്ളിയുടെ വീട്ടില്‍ രാത്രി തങ്ങിയ ശേഷം രാവിലെ കുട്ടിക്കാനത്തേക്കു പുറപ്പെടുകയായിരുന്നു ലക്ഷ്യം. കുടുംബ സുഹൃത്തായ ഡോ. ചാക്കാച്ചന് ഞാവള്ളില്‍ 15 മിനിറ്റിനു ശേഷം കാറിലെത്തി എല്‍സീനയെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.
Leave a Reply