എം. ജി.ബിജുകുമാർ
ദീപങ്ങൾ തെളിഞ്ഞു കത്തുന്ന നടയ്ക്കു നേരെ തൊഴുത് പ്രാർത്ഥിച്ച് ഇലക്കീറിൽ കിട്ടിയ പ്രസാദത്തിൽ നിന്നും കുളിർമ്മയുള്ള ചന്ദനം വിരലിൽ തൊട്ടെടുത്ത് നെറ്റിയിൽ കുറി വരച്ച് മാധവി ക്ഷേത്ര മതിൽക്കെട്ടിനു വെളിയിലേക്കിറങ്ങി നടന്നു. ദീപാരാധന തൊഴാൻ നിന്നാൽ ഒരു പക്ഷേ നന്ദേട്ടനെ കാണാൻ പറ്റിയെന്നു വരില്ല. നാളെ വെളുപ്പിന് കൽക്കത്തക്ക് പോവുകയാണ്. എന്തോ ജോലി ശരിയായിട്ടുണ്ടെന്ന് കലേടത്തിയാണ് പറഞ്ഞത്. നിറം മങ്ങാൻ തുടങ്ങിയ വഴിയിലൂടെ മാധവി വേഗം നടന്നു.ആകാശത്താഴ് വരയിൽ ഓടിനടക്കുന്ന മേഘങ്ങൾ ഒന്നാർത്തു പെയ്യാൻ വട്ടം കൂട്ടുന്നതു പോലെ അവൾക്ക് തോന്നി.മന്ദമാരുതന്റെ പുൽകളിൽ തൊടിയിലെ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ “നന്ദേട്ടനെ വഴിയിൽ കണ്ടുമുട്ടണേ കൃഷ്ണാ ” എന്നായിരുന്നു അവളുടെ പ്രാർത്ഥന.
മുകളിലെ റോഡിലേക്ക് കയറിയത്തും നന്ദൻ സൈക്കിളിൽ അവളുടെ മുന്നിലെത്തിയതും ഒന്നിച്ചായിരുന്നു. അവൻ സൈക്കിളിൽ മുന്നോട്ട് പോകാൻ തുടങ്ങവേ അവൾ കാരിയറിൽ പിടിച്ച് ” നിൽക്ക്
നന്ദേട്ടാ ഞാനൂടെ വരുന്നു.” എന്നു പറഞ്ഞു.
“എങ്കിൽ പിന്നിൽ കയറിക്കോ” നന്ദൻ സൈക്കിൾ നിർത്തി.
“ഏയ് വേണ്ട സൈക്കിളിൽ കയറിയാൽ വേഗം വീടെത്തും.. നമുക്ക് നടക്കാം ” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് നല്ല സുഖമില്ലേ പെണ്ണേ…? നന്ദൻ ചോദിച്ചു.
“ഇല്ല.. അൽപ്പം അസുഖമുണ്ട്.” അവൾ ചിരിച്ചു.
“എങ്കിൽ അത്യാവശ്യമായി ഡോക്ടറിനെയൊന്നു കാണണം, താമസിക്കണ്ടാ ” അവൻ അതു പറഞ്ഞപ്പോഴും അവൾക്ക് ചിരി തന്നെ.
“എന്റെ അസുഖമൊക്കെ മാറണേൽ ഈ ഡോക്ടർ എന്നെ താലികെട്ടി വീട്ടിൽ കൊണ്ടു പോകണം” അവളവന്റെ ദേഹത്ത് വിരലുകൊണ്ട് കുത്തിക്കൊണ്ടു പറഞ്ഞു.
അപ്പോൾ അവളുടെ കൈകളിലെ ചുവന്ന കുപ്പിവളകൾ ചിരിച്ചു.
“പറയാൻ മറന്ന കവിതകൾക്കും കേൾക്കാൻ കൊതിച്ച വാക്കുകൾക്കുമായി ഞാൻ പ്രതീക്ഷയോടെയിരിക്കുമ്പോൾ തോരാത്ത ചാറ്റൽ മഴയായി പൊഴിയുന്ന ഈ ഡോക്ടറിന്റെ സ്നേഹത്തിന്റ ചാറ്റൽ മഴ നനഞ്ഞാലേ എന്റെ അസുഖം മാറൂ ” അവൾ പറഞ്ഞത് കേട്ടപ്പോൾ നന്ദൻ മനസിൽ ഒന്നു ചിരിച്ചു.
“മണ്ണും മനസ്സും കുളിർക്കുന്ന മഴയുടെ തന്ത്രികളിലാണ് എന്റെ പ്രണയം ഞാൻ ചേർത്ത് വെക്കുന്നത്…, നിന്നെ പോലെയൊരു കിറുക്ക് പിടിച്ച പെണ്ണിന് ഞാനതെങ്ങനെ തരും ” അവളെ കളിയാക്കി നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.
“കളിയാക്കണ്ട.. നന്ദേട്ടന്റെ അമ്മയും എന്റെ വീട്ടുകാരും തമ്മിൽ വാക്ക് പറഞ്ഞതാ നമ്മുടെ കല്യാണം. കലേടത്തിയും പൂർണ്ണ സമ്മതം പറഞ്ഞതുമല്ലേ, പിന്നെന്തിനാ എന്നെ ഒഴിവാക്കുന്നത്.” അവളുടെ ശബ്ദത്തിൽ വിഷാദം കലർന്നിരുന്നു.
നന്ദൻ സൈക്കിളുരുട്ടിക്കൊണ്ട് നടന്നു തുടങ്ങി. ഒപ്പം മാധവിയും.
‘ശരിയാണ് തങ്ങളുടെ വിവാഹം വാക്കാൽ ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവളുടെ കുട്ടിക്കളികൾക്ക് ഞാൻ വളം വെച്ചു കൊടുക്കുന്നില്ലെന്ന് മാത്രം..’ നടക്കുന്നതിനിടയിൽ നന്ദൻ മനസ്സിലോർത്തു.
“കൽക്കത്തയ്ക്ക് പോയാൽ നന്ദേട്ടൻ ഇനിയെന്നാ വരിക” അവൾ മെല്ലെ ചോദിച്ചു.
“പത്തു വർഷം കഴിഞ്ഞ്..”
” പത്തു വർഷമോ.. ? അവൾ വ്യസനത്തോടെ മൊഴിഞ്ഞു.
“മ്… അതെ ! അപ്പോൾ പിന്നെ നിന്റെയീ കിറുക്ക് ‘ കാണേണ്ടല്ലോ ” നന്ദന്റെ മറുപടി.
“പിന്നെ ഇഷ്ടമുള്ളവരെ സ്നേഹിക്കുന്നത് കിറുക്കാ ??? അവൾ ചിണുങ്ങി.
” പിന്നെ… ഒരു പ്രണയിനി വന്നേക്കുന്നു, കൽക്കത്തയിൽ നിന്നൊരു പെണ്ണിനെയും കെട്ടി അവിടങ്ങ് കൂടണം, പത്തു വർഷത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു വരണം” അവളെ ശുണ്ഠി പിടിപ്പിക്കാനായി നന്ദൻ പറഞ്ഞു.
“ഇങ്ങു വാ രണ്ടും കൂടി.. കൊല്ലക്കുടിയിലെ വാസുവണ്ണനെക്കൊണ്ട് ഒരു മടവാൾ തീർത്തു ഞാൻ കരുതി വെച്ചിരിക്കും. രണ്ടിനെയും വെട്ടി തുണ്ടം തുണ്ടമാക്കും… ” അവൾ പെട്ടെന്നു തന്നെ പറഞ്ഞ മറുപടിയിൽ തീരുമാനത്തിന്റെ ദൃഢത അനുഭവപ്പെട്ടു. അവളുടെ മുഖം ചുവന്നിരുന്നു.
“നീയെന്റെ പിറകെ നടക്കുന്ന സമയത്ത് നാലക്ഷരം എഴുതാൻ നോക്ക്. പലപ്പോഴും നിന്റെ ചില വാചകങ്ങളൊക്കെ കവിതകളിലെ വരികൾക്ക് സമാനമാണ് ….” നന്ദൻ അവളുടെ മനസിനെ മറ്റൊരു ചിന്തയിലക്ക് കടത്തിവിട്ടു.
“എനിക്ക് നന്ദേട്ടനെപ്പോലെ എഴുതാനൊന്നും വശമില്ല.നന്ദേട്ടനോടുള്ള ഇഷ്ടം കാരണം ഓരോന്നു പറയുകയും എഴുതി നന്ദേട്ടനു തരികയും ചെയ്യുന്നതാ..,
അതല്ലാതെയൊന്നും എനിക്കെഴുതാനറിയില്ല. നന്ദേട്ടനോടുള്ള പ്രണയം മാത്രമേ എനിക്കറിയൂ” മാധവി ലജ്ജയോടെ പറഞ്ഞു .
“എടീ മടിച്ചീ എഴുതിയെഴുതിയാ തെളിയുന്നത്.അല്ലാതെ പേനെയെടുക്കുമ്പോഴേ എഴുത്തുകാരിയാവില്ല…” നന്ദൻ അവളുടെ പ്രണയ ലേഖനമെഴുത്തിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു.
” നിന്റെ വാക്കിൽ പൂക്കൾ വിടർന്നെങ്കിലേ എന്റെ കവിതകളിൽ വസന്തം നിറയൂ എന്നറിയില്ലേ നന്ദേട്ടാ…” അവളവന്റെ മുഖത്തേക്ക് നോക്കി.
അവൾ പറഞ്ഞതും കേട്ട് അവനൊന്നും മിണ്ടാതെ നടക്കുകയാണ്.
“കവിതകളിലും കഥകളിലും സ്നേഹമൊളിപ്പിച്ചുവെക്കുന്ന നന്ദേട്ടൻ എനിക്കെന്നുമൊരു കൗതുകമായിരുന്നു. പിന്നെയതെന്റെ ഏകാന്തതയിലെ സല്ലാപമായി.പിന്നയത് മെല്ലെ അതെന്റെയുള്ളിലെ കുളിർമ്മയായി മാറി..”
അവൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അവളുടെ കവിത തുളുമ്പുന്ന സംഭാഷണം ഉള്ളാലെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പുറമേയത് കാണാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് നടന്നു.
അവളുടെ പ്രണയത്തെ വകവെച്ചു കൊടുക്കാതിരിക്കുമ്പോൾ അവളുടെ ശുണ്ഠി പിടിച്ചുള്ള പ്രതികരണങ്ങൾ കാണുക എന്റെ പ്രധാന വിനോദമാണ്.
“നീയൊരു പ്രേമ രോഗിയാണ് ” നന്ദനവളെ കളിയാക്കി.
” നന്ദേട്ടൻ എന്തു പറഞ്ഞാലും ഞാൻ വിട്ടു പോവില്ല” എന്നു പറഞ്ഞ് അവൾ സൈക്കിളിന്റെ ബെല്ലൊന്നടിച്ചു.
“എങ്കിൽ ഞാൻ പറയുന്നത് അനുസരിക്ക്, നിന്റെ തോന്നലുകൾ കവിതകളാക്കി എഴുതാൻ ശ്രമിക്ക്… ” നന്ദൻ പറഞ്ഞു.
“എന്റെ അക്ഷരങ്ങൾ നിറമുള്ള പുഷ്പങ്ങളായി വിടരണമെങ്കിൽ എന്റെയുള്ളിലെ ആകാശമായി നീ നിറഞ്ഞു നിൽക്കണം നന്ദേട്ടാ…,
എനിക്ക് നിശ്വാസങ്ങൾ പൊഴിച്ച് അതിൽ പ്രണയത്തിന്റെ മഴവില്ല് വിരിയിക്കണം ….” അതു പറഞ്ഞ് അവൾ അവനോടൽപ്പം കൂടി ചേർന്നു നടന്നു.
“നീ എഴുതാൻ ശ്രമിക്കണം,ഭാവന വിടരാൻ ധാരാളം വായിക്കണം… അവിടെയെത്തിയിട്ട് ഞാൻ വിലാസമയയ്ക്കാം, നീ എഴുതിയിട്ട് അതിലേക്കയച്ചാൽ മതി.
“നാട്ടുമാവിൻ ചോട്ടിൽ ചേർന്നിരുന്ന് കളി പറയാനും സ്നേഹപ്പുഴയിൽ ഒരുമിച്ചൊഴുകി നീങ്ങാനും കൊതിക്കുന്ന ഞാൻ നന്ദേട്ടനായി എഴുതാം…
നന്ദേട്ടന്റെ ഒരു നോക്കിനായ് പോലും മിഴിനട്ടിരിക്കുന്ന എനിക്ക് അതിൽ സന്തോഷമേയുള്ളു…. ” അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.
“നിന്റെ വിരൽ തഴുകി ചുംബിച്ചുണരുന്ന കടലാസുകഷണങ്ങളിലെ അക്ഷരങ്ങൾ ചേർത്ത മറുപടിക്കായി കാത്തിരിക്കുന്നതിനും എനിക്കു കഴിയുമല്ലോ നന്ദേട്ടാ…!”
” മ്….. ” നന്ദൻ മെല്ലെ മൂളി.
ഇവൾക്കെന്താണോ എന്നോടിത്ര പ്രണയം തോന്നാൻ അതും ഭ്രാന്തമായ സ്നേഹം എന്നു ചിന്തിച്ചു നടന്നപ്പോഴേക്കും ചെറിയ ചാറ്റൽ മഴയെത്തി.
” നീ വേഗം പൊയ്ക്കോ നനഞ്ഞ് പനിപിടിപ്പിക്കണ്ട “നന്ദൻ മാധവിയോട് പറഞ്ഞു.
“എനിക്കും നന്ദേട്ടനെപ്പോലെ മഴ നനയാനാ ഇഷ്ടം… നമുക്ക് നനഞ്ഞു നടക്കാം… അവളുടെ മറുപടി അവനിൽ അൽപ്പം കൗതുകവുമുണ്ടാക്കി. ഇപ്പോഴേ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് അവളുടെ പ്രവൃത്തികളുകൊണ്ടു പോകാൻ അവൾ ശ്രദ്ധിക്കുന്നു..
നടന്നു നടന്നു വീടെത്താറായപ്പോൾ “പോകും മുമ്പ് എനിക്കൊന്നും തരുന്നില്ലേ നന്ദേട്ടാ…” എന്നവൾ ആർദ്രതയോടെ ചോദിച്ചു.
അവളൊരു മൃദു ചുംബനം കൊതിക്കുന്നുണ്ടാവുമെന്ന് മനസിലാക്കിയിട്ടും അത് പുറത്തു കാട്ടാതെ നന്ദൻ
അടുത്തുള്ള കയ്യാലയിൽ നിന്ന ഒരു ചെമ്പരത്തിപ്പൂവ് പറിച്ചു അവൾക്ക് നീട്ടി.
“ഇതാ …., ഒന്നും തന്നില്ലെന്നു വേണ്ട.. ” നന്ദൻ പുഞ്ചിരിച്ചു.
അവളത് വാങ്ങി.
പ്രണയം ഉറഞ്ഞു മയങ്ങിയ നീല ഞരമ്പുകൾ തെളിഞ്ഞ കൈകളിലെ കുപ്പിവളകളിൽ മഴ മുത്തുകൾ വീണു ചിതറി.
അവളുടെ കവിളിലും ശോണിമ നിറയുന്നതുപോലെ നന്ദന് തോന്നി.
“ഈ ചെമ്പരത്തിപ്പൂവ് തന്നത് എനിക്ക് കിറുക്കാണെന്ന് സ്ഥാപിക്കാനല്ലേ…?”
“അതെ .. ഇടയ്ക്കൊക്കെ ചെവിയുടെ പിറകിൽ വെച്ചോ
… ചേരും…..” നന്ദൻ മൃദുവായി ചിരിച്ചു.
“എന്നാലൊരു കാര്യം ചോദിക്കട്ടെ?”
“മ്…”
” ഓർമ്മ ആയപ്പോൾ മുതൽ കണ്ടു വളർന്ന, പൂക്കളമിട്ടു തുടങ്ങിയപ്പോൾ മുതൽ അതിനു നടുവിൽ കുടകുത്താനെടുത്തു തുടങ്ങിയ, നമ്മുടെയെല്ലാം വീടിന്റെ ഓർമ്മകളിൽ ഒപ്പമുള്ള ഈ പൂവിനെ എന്തിനാണ് ഭ്രാന്തിന്റെ അടയാളമാക്കി മാറ്റിയത്..,?
മുള്ളുകൾ പോലുമില്ലാത്ത…, ഇലകൾ അരച്ച് താളിയുണ്ടാക്കി മുടിയിൽ തേക്കാവുന്ന ഈ ചെടിയിലെ പൂവല്ലേ ശരിക്കും സ്നേഹത്തിന്റെ അടയാളമാകേണ്ടത്.?”
മാധവി തന്റെ സംശയം പ്രകടിപ്പിച്ചു.
” നിറങ്ങളെല്ലാം ഒരു പോലെയായിരുന്നിട്ടും കാഴ്ചകളിലേക്ക് നീളുന്ന കൃഷ്ണമണിയുടെ നിറമായിട്ടും കറുപ്പിനെ ദു:ഖത്തിന്റെ പ്രതീകമായല്ലേ കാണാറ്.! സൗകര്യമനസരിച്ച് ഓരോ നിറത്തിനെയും ഓരോ പ്രതീകമായി സൂചിപ്പിക്കുന്നു വെന്നേയുള്ളു. അതൊക്കെയിനി പറഞ്ഞിട്ട് കാര്യമില്ല….! അതു കൊണ്ട് നിനക്ക് പറ്റിയത് ഈ പൂവ് തന്നെ..” നന്ദൻ പുഞ്ചിരിച്ചു.
” നന്ദേട്ടനൊരു കരീല തന്നാലും ഞാനത് വാങ്ങും… ” അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഒരു കാര്യം ചോദിക്കട്ടെ നന്ദേട്ടാ…”
“മ്… ചോദിക്ക്…”
“നമ്മുടെ ഗ്രാമത്തെ വിട്ട് കുടുംബാംഗങ്ങളെ പിരിഞ്ഞ് കൽക്കത്തയിൽ ജീവിക്കാൻ പ്രയാസം തോന്നുന്നില്ലേ…” മാധവിയുടെ ശബ്ദമിടറിയതായി നന്ദൻ മനസ്സിലാക്കി.
“ഓ., പിന്നെ..! കാർഗിലിൽ യുദ്ധം നടക്കുന്നിടത്തേക്കൊന്നുമല്ലല്ലോ പോകുന്നത്. ”
” യുദ്ധം നടക്കുന്നെന്ന് പത്രത്തിൽ വായിച്ചായിരുന്നു.
കാര്യമായി നന്ദേട്ടൻ പട്ടാളത്തിലൊന്നും ചേരാഞ്ഞത്…”
”അതെന്താ……?”
” പട്ടാളത്തിലായിരുന്നെങ്കിൽ എഴുത്തിനും വായനയ്ക്കുമൊക്കെ സമയം കിട്ടാതെ നന്ദേട്ടന്റെ കലാഹൃദയം നഷ്ടപ്പെട്ടു പോയേനേം.. ”
അവൾ പറഞ്ഞതിൽ കാര്യമില്ലാതില്ലെന്ന് നന്ദന് തോന്നി.
മഴയും പുഴയും ഗ്രാമവുമൊക്കെ വിട്ടിട്ടു പോകാൻ തനിക്ക് ഇഷ്ടമുണ്ടായിട്ടല്ല. വർണ്ണങ്ങൾ നിറഞ്ഞ കാഴ്ചകളിലേക്ക്
കൗതുകം വിടർന്നു തുടങ്ങിയതു മുതൽ
ആകാശക്കൂടാരങ്ങളിലെ മഴമേഘപ്രാവുകളുടെ ചിറകിനൊപ്പം പറക്കുന്ന, ഇപ്പോഴും കനവുകളിലൂടെ സഞ്ചരിക്കുന്ന മനസ്സ്
പിന്നിലേക്ക് പോകാൻ കൊതിക്കാറുണ്ട്,
നഷ്ടസ്വർഗങ്ങളുടെ കുളിർക്കാറ്റിൽ
ഗൃഹാതുരതയുടെ ചാറ്റൽമഴ നനയാൻ ഈ ഗ്രാമത്തിൽ തന്നെ നിൽക്കുന്നതായിരുന്നു ഇഷ്ടം. പക്ഷേ….! നന്ദന്റെ മനസിലൂടെ ചിന്തകൾ ഒഴുകി നീങ്ങി.
ശരിക്കും തനിക്കിഷ്ടമുണ്ടായിട്ടു പോകുന്നതല്ലെന്ന് അവനവളോട് പറഞ്ഞില്ല.
” വിഷമം തോന്നുമ്പോൾ ജാലക വാതിൽ തുറന്നിട്ട് ജനാലയ്ക്കരികിലേക്ക് നക്ഷത്രങ്ങളെ ക്ഷണിച്ച് അവയോട് കിന്നാരം പറഞ്ഞിരിക്കും. നിലാവിന്റെ പാൽപ്പുഞ്ചിരിയിലലിഞ്ഞു ചേരാൻ ഞാനൊരു സ്വപ്നവും കാത്തുവെക്കും… ” നന്ദൻ പറഞ്ഞു.
“ആ സ്വപ്നത്തിൽ എന്നെയും ചേർത്തുവെക്കണേ നന്ദേട്ടാ..”
“ഞാൻ പറയുന്ന പോലൊക്കെ അനുസരിച്ചു നടന്നാൽ….. ”
” അനുസരിക്കാം .. ഞാനെഴുതാം. വെളുത്ത പുസ്തകത്താളു പോലെ എന്റെ മനസ്സ് ഞാൻ നിവർത്തി വെക്കാം, എന്നിലേക്കെത്തുന്ന നന്ദേട്ടന്റെ ആർദ്രമായ നോട്ടങ്ങൾ പോലും അതിൽ അക്ഷരങ്ങളായി വിടരും ” അവൾ അഭിമാനത്തോടെ പറഞ്ഞു.
”ടെലിഫോൺ കണക്ഷൻ അടുത്താഴ്ച കിട്ടുമെന്നാ പറഞ്ഞത്. കിട്ടിയാലും വല്ലപ്പോഴും വിളിച്ചാൽ മതി. എനിക്ക് നന്ദേട്ടൻ എഴുതുന്നത് വായിക്കാനാണിഷ്ടം.
അക്ഷരങ്ങൾ കൊരുത്ത് വാക്കുകൾ ചേർത്ത് മാല്യമായെഴുതുന്ന വാചകങ്ങളിലൂടെ നന്ദേട്ടനെത്തുംവരെ എനിക്ക് കനവു കണ്ടുറങ്ങാനും പ്രതീക്ഷയിലുണരാനുമാണത്..” മാധവി ആർദ്രമായി മൊഴിയുന്നത് കേട്ട് പുഞ്ചിരിയോടെ നന്ദൻ നടന്നു.
നടന്നു നടന്ന് വീടെത്തി.സ്വല്പം കൂടി നടന്നെങ്കിലേ മാധവി വീട്ടിലെത്തുകയുള്ളു.
” മോളേ …മഴ നനഞ്ഞു നടക്കുവായിരുന്നോ.. കയറി വാ തോർത്തിയിട്ടു ഒരു കാപ്പിയും കുടിച്ചിട്ട് പോകാം.., ” നന്ദേട്ടന്റ അമ്മയുടെ സ്നേഹത്തോടെയുള്ള വിളി.
” വേണ്ടമ്മേ ഇരുട്ടായിത്തുടങ്ങി…വീടെത്തിയിട്ട് തോർത്താം…” മാധവി മറുപടി പറഞ്ഞു മുന്നോട്ടൊന്നു നടന്ന് തിരിഞ്ഞു നന്ദന്റെ മുഖത്തേക്ക് നോക്കി,യാത്ര പറയാനെന്നോണം..
അവളുടെ വിരിഞ്ഞ മിഴികളിൽ നിന്ന് കരിമഷിച്ചിന്തുകൾ കവിളിലേക്ക് പടർന്ന പോലെ തോന്നി.ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും.കൈ വീശിയിട്ട് ഗദ്ഗദത്തോടെ അവൾ വീട്ടിലേക്ക് നടന്നു. ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ എന്നോർത്ത് സൈക്കിൾ വെച്ചിട്ട് നന്ദൻ വീട്ടിലേക്ക് കയറി.
അമ്മയെടുത്തു കൊടുത്ത തോർത്തുമായി തല തോർത്തുമ്പോൾ
മുമ്പെന്നോ വീട്ടിൽ വന്ന് കുസൃതി കാണിച്ചപ്പോൾ കൈകളിൽ ബലമായിപ്പിടിച്ചപ്പോൾ ഉടഞ്ഞ മാധവിയുടെ കുപ്പിവളപ്പൊട്ടുകൾ ദീർഘമായൊരു കാത്തിരിപ്പിനു തയ്യാറെടുത്ത് മേശമേൽ ചിതറികിടക്കുന്നുണ്ടായിരുന്നു..
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
Leave a Reply