എം.ജി.ബിജുകുമാർ, പന്തളം

മഴ നിറഞ്ഞ ഒരു രാവുമാഞ്ഞ് പുലരിയെത്തുമ്പോൾ മരച്ചില്ലയിൽ ഇരുന്നു പാടുന്ന വണ്ണാത്തിപ്പുള്ളിനെ നോക്കി കുട്ടൻപിള്ള ജനാലക്കരികിൽ ചുമരിൽ ചാരി ഇരിക്കുകയാണ്. മേശപ്പുറത്തിരുന്ന വാരികകൾ എടുത്ത് തിരിച്ചുംമറിച്ചും നോക്കുമ്പോഴും അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഘടികാര സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. അടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ പത്തുമണി സൈറൻ മുഴങ്ങുമ്പോഴും ഒന്നു തൊടുകപോലും ചെയ്യാതെ രാവിലെ കൊടുത്ത ചായ തണുത്ത് മേശപ്പുറത്തുതന്നെയിരിക്കുന്നുണ്ട്. കഴിഞ്ഞ പകലും രാത്രിയും ഇതേപോലെ ഒന്നിനും ഒരു ഉത്സാഹമില്ലാതെ കഴിച്ചു കൂട്ടുകയാണ് കുട്ടൻ പിള്ള. എഴുപതാം വയസ്സിലും ഉന്മേഷവാനായിരുന്ന അയാൾക്ക് ഒരു പകലും ഒരു രാത്രിയും കൊണ്ട് എന്താണ് സംഭവിച്ചത് ? നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് ഇങ്ങനെ പറക്കാൻ കാരണം എന്താണ് ?

“ഗോപൻ എപ്പോൾ വരുമെന്ന് എന്ന് ഒന്ന് വിളിച്ചു ചോദിക്കെടീ സാവിത്രീ..”
കുട്ടൻപിള്ള ഭാര്യയോട് വിളിച്ചുപറഞ്ഞു.
” അവൻ വണ്ടി സർവീസ് ചെയ്യാനോ മറ്റോ കൊണ്ടുപോയതാണ്. വൈകുന്നേരമേ തിരിച്ചു വരികയുള്ളൂന്ന് പറഞ്ഞിരുന്നു. പൂച്ചക്കുട്ടികളെ തിരിച്ചുകൊണ്ടുവരാനാണ് അന്വേഷണമെങ്കിൽ അത് നടക്കില്ല.. പറഞ്ഞേക്കാം ”
സാവിത്രിയമ്മയുടെ നീരസത്തോടെയുള്ള മറുപടി കേട്ട് കുട്ടൻപിള്ളയുടെ മുഖം ഒന്നുകൂടി മ്ലാനമായി.
അയാൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നു.. ഇടയ്ക്ക്
വീടിന്റെ മച്ചിനു മുകളിൽ എന്തെങ്കിലും അനക്കം കേൾക്കുന്നുണ്ടോയെന്ന് അയാൾ വെറുതെ കാതോർത്തു. യാതൊരു അനക്കവും ഇല്ലെന്ന് മനസ്സിലാക്കി വീണ്ടും ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടിരുപ്പായി.

കുട്ടൻ പിള്ളയുടെ വീട്ടിൽ മൂന്നു പൂച്ചകൾ ഉണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണമൊക്കെ കൊടുത്ത് ഓമനിച്ചായിരുന്നു അയാൾ അവയെ വളർത്തിയത്.
പക്ഷേ വീട്ടിൽ എല്ലാം ഓടി നടന്നു അടുക്കളയിൽ വരെ കയറി കിട്ടുന്നതെല്ലാം തിന്നാൻ ശ്രമിക്കുന്നത് സാവിത്രിയമ്മയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. രാത്രിയിൽ മച്ചിനു മുകളിൽ കിടന്ന് കടിപിടികൂടി ബഹളമുണ്ടാക്കുന്ന ഇവറ്റകളെ എവിടെയെങ്കിലും കൊണ്ടുക്കളയാൻ മരുമകനായ ഗോപനോട് പലതവണ പറയുകയും ചെയ്തിട്ടുണ്ട്. ഇവ അയൽവീടുകളിലൊക്കെ പോയി ശല്യം ഉണ്ടാക്കുന്നുവെന്ന പരാതികൾ ദിവസേന സമീപവാസികൾ പറഞ്ഞപ്പോഴും പൂച്ചകളെ ഉപേക്ഷിക്കാൻ കുട്ടൻപിള്ള തയ്യാറായില്ല.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അയൽവാസിയായ കൃഷ്ണക്കുറുപ്പ് രാവിലെ വീട്ടിൽ എത്തി പരാതി ബോധിപ്പിച്ചത്.
” നിങ്ങടെ ഒരു പൂച്ച ഞങ്ങടെ കിണറ്റിൽ ചത്തു കിടക്കുന്നു, പൂച്ചയെ നാട്ടുകാർക്ക് ശല്യത്തിനാണോ വളർത്തുന്നത് ?”
കുറുപ്പ് കയർത്ത് സംസാരിച്ചിട്ടും കുട്ടൻപിള്ള അക്ഷോഭ്യനായി മുഖം കുനിച്ചിരുന്നു.
ഗോപൻ കിണറു വറ്റിക്കുന്നവരെ വിളിച്ച് പൂച്ചയെ എടുക്കുകയും കൃഷ്ണക്കുറുപ്പിന്റെ കിണറ്റിലെ വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കി കൊടുക്കുകയും ചെയ്തപ്പോൾ അതിന്റെ പണവും കുട്ടൻപിള്ളയാണ് കൊടുത്തത്. എന്നിട്ടും പൂച്ചകളെ ഉപേക്ഷിക്കാൻ തയ്യാറാവാതെ അവയെ ലാളിച്ചു അയാൾ ദിവസങ്ങൾ തള്ളിനീക്കി.
അതിലൊരു ചക്കി പൂച്ച പ്രസവിച്ചു മൂന്ന് കുഞ്ഞുങ്ങൾ കൂടിയായപ്പോൾ കുട്ടൻ പിള്ളയ്ക്ക് സന്തോഷമായി. പക്ഷേ സാവിത്രിയമ്മയാകട്ടെ ഇവറ്റകളെ എവിടെയെങ്കിലും കൊണ്ടു കളഞ്ഞേ മതിയാവു എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.
“നാല് കോഴികളെ വാങ്ങി വളർത്തരുതോ മനുഷ്യാ, ഒന്നുമല്ലെങ്കിലും വല്ലപ്പോഴും ഒന്നുരണ്ടു മുട്ട എങ്കിലും കിട്ടും ”
സാവിത്രിയമ്മയുടെ ഇത്തരം സംസാരത്തിന് മറുപടി പറയാതെ കുട്ടൻപിള്ള കേൾക്കാത്ത ഭാവത്തിൽ ഇരിക്കുകയാണ് പതിവ്.

പൂച്ചക്കുഞ്ഞുങ്ങൾ അൽപസ്വൽപം വളർന്നപ്പോൾ വീടിനുള്ളിൽ അവരുടെ ബഹളവും വർദ്ധിച്ചു. മകൾ പ്രിയയ്ക്കും പൂച്ചകളുടെ ബഹളം ശല്യമായിത്തുടങ്ങിയെങ്കിലും അച്ഛനോടതു പറയാൻ അവൾക്ക് മടിയായിരുന്നു. മൃഗ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറായിരുന്ന കുട്ടൻപിള്ള വിരമിച്ച ശേഷം സമയം പോക്കിനായി ഒരു പശുവിനെ വളർത്തിയിരുന്നതാണ്. വൈക്കോലിട്ടു കൊടുക്കാൻ ചെന്ന തന്നെ ആ പശു കുത്തിയതിനാൽ സാവിത്രിയമ്മ അതിനെ വിൽക്കുകയാണുണ്ടായത്. അതിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും പുല്ലു പറിച്ചു കൊടുക്കുന്നതുമെല്ലാം അച്ചനായിരുന്നു ചെയ്തിരുന്നതെന്നും പശുവിനെ വിറ്റതിനു ശേഷമാണ് അച്ഛന്റെ ചങ്ങാത്തം പൂച്ചകളുമായിട്ടായത് എന്നും പ്രിയ ഓർത്തു.

പൂച്ചകളെ വീട്ടിൽനിന്നും നാടുകടത്തിയേ പറ്റൂ എന്ന ദൃഢമായ തീരുമാനത്തിലെത്താൻ സാവിത്രിയമ്മയെ പ്രേരിപ്പിച്ചത് ഒരു പൂച്ച സരസ്വതിയമ്മയുടെ കിണറ്റിൽ വീണു ചത്തപ്പോഴാണ്. കുട്ടൻപിള്ളയുടെ മുന്നിൽ നീറുപോലെ നിൽക്കുമെങ്കിലും സരസ്വതിയമ്മയുടെ നാക്കിനു മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശക്തിയില്ലാത്തതിനാൽ അവർ പറഞ്ഞതെല്ലാം കേട്ട് മുഖം കുനിച്ചു നില്ക്കാനേ സാവിത്രിക്ക് കഴിഞ്ഞുള്ളൂ. നേരം വെളുത്തപ്പോൾ തന്നെ ശകാരം കേട്ട് അപമാനഭാരത്താൽ കുനിഞ്ഞ ആ മുഖത്ത് ഒരു ദൃഢനിശ്ചയമെടുക്കാൻ പോകുകയാണെ ഭാവം നിഴലിച്ചതായി ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്ന പ്രിയയ്ക്ക് തോന്നി. അന്നും അവരുടെ കിണർ വൃത്തിയാക്കി കൊടുക്കേണ്ടിവന്നതിന് കുട്ടൻപിള്ള പൈസ കൊടുത്തെങ്കിലും അതിൽ ഒതുങ്ങുന്ന കാര്യങ്ങളായിരുന്നില്ല പിന്നീട് നടന്നത്. ഒരു വലിയ ഫേസ് ബോർഡ് കവറിനുള്ളിൽ മൂന്നു പൂച്ചക്കുഞ്ഞുങ്ങളെയും തള്ളപ്പൂച്ചയെയും പിടിച്ചിട്ട് അടച്ച് സാവിത്രിയമ്മ ഗോപന്റെ കയ്യിൽ കൊടുത്തു.
” ജോലിക്ക് പോകുന്നവഴിയിൽ എവിടെയെങ്കിലും ഇവറ്റകളെ ഉപേക്ഷിച്ചേക്കണം”
അവനതും വാങ്ങിയിറങ്ങുമ്പോൾ താൻ ജോലിചെയ്യുന്ന പ്രസ്സിന് എതിർവശത്തുള്ള ഫാമിൽ തുറന്നു വിടാമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.
അവിടെ പകൽ ജോലിക്കാരൊക്കെ ഉള്ളതിനാൽ അതിനുള്ളിലേക്ക് കയറാൻ കഴിയാത്തതുകൊണ്ട് കവർ പ്രസ്സിന്റെയുള്ളിൽ തന്നെ സൂക്ഷിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും നേരം ഇരുൾ പരത്തുന്ന സന്ധ്യയിൽ മാനത്തോളം ഉയർന്നു നിൽക്കുന്ന മരങ്ങളും പേടിപ്പെടുത്തുന്ന കുറ്റിക്കാടുമൊക്കെയുള്ള ഫാമിന്റെ മതിൽ ചാടിക്കടന്ന് ഗോപൻ പൂച്ചകളെ അവിടെ തുറന്നു വിട്ടു.

ആ പകൽ കുട്ടൻപിള്ളയ്ക്ക് വളരെ വ്യസനമാണ് സമ്മാനിച്ചത്. തൻറെ പൂച്ചക്കുട്ടികളെ നഷ്ടപ്പെട്ടപ്പോൾ തന്റെ ശരീരത്തിലെ അവയവം നഷ്ടപ്പെടുന്ന മാനസികാവസ്ഥയിലായിരുന്ന. അയാൾക്ക് ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ല. അത്താഴം കഴിക്കാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ നാരകമുള്ളുപോലെ പൂച്ചകളുടെ കരച്ചിൽ അയാളുടെ മനസ്സിനെ വേദനപ്പെടുത്തി. ജനലും വാതിലുമൊക്കെ അടച്ച് ഏണിയെടുത്ത് മച്ചിനു മുകളിലേക്ക് കയറാനും, പൂച്ചകൾ കിടക്കുമായിരുന്നിടത്തേക്ക് കയറിക്കിടക്കാനും അയാൾക്ക് തോന്നി.
തുറന്നു വെച്ചിരുന്ന ഒരു വാരിക എടുത്ത് മുഖത്ത് വെച്ച് കൊണ്ടയാൾ നേരം വെളുപ്പിച്ചു. ഉറക്കം ഇല്ലാതിരുന്നിട്ടും രാവിലെ പത്തുമണി കഴിഞ്ഞിട്ടും ഒന്നും കഴിക്കാനോ കുടിക്കാനോ കുട്ടൻ പിള്ളക്ക് കഴിഞ്ഞില്ല.ഒരക്ഷരം പോലും വിടാതെ പരസ്യം ഉൾപ്പെടെ പത്രം മുഴുവൻ വായിച്ചു തീർക്കുന്ന അയാൾ ഇന്നതിനു മെനക്കെട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ പത്രം മടക്കു പോലും നിവർത്താതെ വരാന്തയിൽ കിടപ്പുണ്ടായിരുന്നു.

അയാൾ മെല്ലെ ഇറങ്ങി നടന്ന് ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് മതിൽക്കെട്ടിന് വെളിയിലെ ആൽ മരച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. ക്ഷേത്രക്കളത്തിൽ നിന്നു വീശിയ തണുത്ത കാറ്റിന് അയാളുടെ ഉള്ള് തണുപ്പിക്കാൻ കഴിഞ്ഞില്ല.സൂര്യന്റെ നിഴലുകൾക്ക് നീളം കുറഞ്ഞു വന്നു. അപ്പോഴും ആകാശത്തിന് നെറുകയിലൂടെ സഞ്ചരിക്കുന്ന മേഘങ്ങളിൽ കണ്ണും നട്ട് അയാൾ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. മുഖത്ത് ചുളിവുകൾ വീഴ്ത്തിക്കൊണ്ട് ചിന്തകൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു

ഗോപൻ വന്നതിനുശേഷം വേണം പൂച്ചകളെ എവിടെ ഉപേക്ഷിച്ചുവെന്ന് ചോദിച്ചറിയാനെന്ന് മനസ്സിലുറപ്പിച്ച് അയാൾ വീട്ടിലേക്ക് നടന്നു. രണ്ടുദിവസമായി ജലപാനം പോലും ചെയ്യാതെയുള്ള ഉള്ള അച്ഛൻറെ നടപ്പ് പ്രിയയിൽ സങ്കോചം ഉണ്ടാക്കി. വിശപ്പും ദാഹവും അന്യമാകുന്ന അവസ്ഥയിലുടെ കുട്ടൻപിള്ള കടന്നു പൊയ്ക്കോണ്ടിരുന്നു
പൂച്ചയെ ഉപേക്ഷിച്ചാൽ ഇത്രയും പ്രശ്നമാകും എന്നാരും കരുതിയില്ല.
“ഇതിപ്പോൾ കുട്ടികളുടെ സ്വഭാവരീതികൾ പോലെ ആയല്ലോ ഈ മനുഷ്യന്, ഇവിടുത്തെ ശല്യം കൂടാതെ നാട്ടുകാരുടെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ എനിക്ക് വയ്യ. കൊണ്ടു കളഞ്ഞത് കാര്യമായി ”
സാവിത്രിയമ്മ ഉറക്കെ പറഞ്ഞു.

ഉന്മേഷവാനായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മാറ്റം പ്രിയയെ വിഷമത്തിലാക്കി. പൂച്ചകളെ തിരിച്ചു കൊണ്ടു വരണമെന്ന് ഗോപേട്ടനോട് വിളിച്ചുപറയാൻ അവൾ അമ്മയെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. പക്ഷേ സാവിത്രിയമ്മ ആദ്യമൊന്നും അതിന് തയ്യാറായില്ല. ഉച്ചയ്ക്കും ആഹാരം കഴിക്കാതെ ചാരുകസേരയിൽ തുറന്ന പുസ്തകം കൊണ്ട് മുഖം മറച്ചു കിടന്ന കുട്ടൻപിള്ളയെ കണ്ടപ്പോൾ സാവിത്രിയമ്മയുടെ മനസ്സ് ഒന്നയഞ്ഞു. താനെന്തു പറഞ്ഞാലും എതിർക്കാതെ അക്ഷോഭ്യനായി നിലകൊള്ളുന്ന തൻറെ ഭർത്താവിൻറെ മനസ്സ് പൂച്ചകളെ നഷ്ടപ്പെട്ടതിൽ വളരെയേറെ വേദനിക്കുന്നുണ്ടെന്ന് സാവിത്രിയമ്മയ്ക്ക് മനസ്സിലായി. വൈകിട്ട് ചായ ഇടുമ്പോൾ ചീനി വറുത്തതും തിന്ന് അടുക്കളയിലിരുന്ന് പ്രിയ അമ്മയോട് പറഞ്ഞു ,
“അമ്മേ മനുക്കുട്ടൻ വിളിച്ചിരുന്നു അവനോട് പറഞ്ഞപ്പോൾ പൂച്ചകളെ തിരിച്ചുകൊണ്ടുവരണം എന്നാണവനും പറയുന്നത് “.
ബോർഡിങ്ങിൽ പ്ളസ് വണ്ണിനു പഠിക്കുന്ന പ്രിയയുടെ മകനാണ് അനു. അവന് അപ്പൂപ്പനോടാണ് വീട്ടിൽ മറ്റുള്ളവരോടുള്ളതിനേക്കാൾ സ്നേഹം. അപ്പൂപ്പന്റെ വിരൽ തുമ്പു പിടിച്ചാണവൻ വളർന്നത്.

അതുകൂടി കേട്ടപ്പോൾ സാവിത്രി അമ്മയുടെ മനസിൽ ഒരു ചെറിയ ചാഞ്ചാട്ടം ഉണ്ടായി.
“അമ്മേ ഗോപേട്ടനെ വിളിച്ചു പറയ് വരുമ്പോള് പൂച്ചകളെ കൂടി പിടിച്ചു കൊണ്ടു വരാൻ ” മകൾ പറഞ്ഞതു കേട്ടപ്പോൾ
“ഇനിയും നാട്ടുകാരുടെ ചീത്ത കേൾക്കേണ്ടി വന്നാലോ? ഇങ്ങേരുടെ ഇരുപ്പ് കണ്ടിട്ട് തിരിച്ചുകൊണ്ടുവരാൻ പറയാതിരിക്കാനും തോന്നുന്നില്ല” എന്ന് മറുപടി പറഞ്ഞെങ്കിലും സാവിത്രിയമ്മ വിഷമവൃത്തത്തിലായി.
‘പ്രിയ ഗ്ലാസ്സിലേക്ക് ചായ പകർന്നെടുത്തു.
“ഇനിയങ്ങനെയൊന്നും ഉണ്ടാകാതെ അച്ഛൻ ശ്രദ്ധിച്ചോളും”
വീണ്ടും അമ്മയുടെ മനസ്സുമാറ്റാൻ പ്രിയ ശ്രമിച്ചു .
” എന്നാൽ പിന്നെ അങ്ങനെയാകട്ടെ അവനെയൊന്ന് വിളിച്ചിട്ട് ഫോൺ ഇങ്ങു താ, ഞാൻ പറയാം, ”
അമ്മ പറയുന്നത് കേട്ട് പ്രിയ ഫോണിൽ നമ്പർ ഡയൽ ചെയ്യാനെടുക്കുമ്പോഴേക്കും ഗോപൻ തന്റെ കാറിൽ വീട്ടമുറ്റത്തെത്തിയിരുന്നു. വീട്ടിലേക്ക് കയറിയ ഗോപന് പ്രിയ ചായയെടുത്തു കൊടുക്കുമ്പോൾ സാവിത്രിയമ്മ അവനോടു പറഞ്ഞു.
” ഇവിടെ ഈ മനുഷ്യന്റെ മൂകത കണ്ടിരിക്കാൻ വയ്യ, ആഹാരവുമില്ല ജലപാനവുമില്ല, നീയാ പൂച്ചകളെ ഇങ്ങ് തിരിച്ചെടുത്തു കൊണ്ടു പോര് ,വരുന്നപോലെ വരട്ടെ” ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ കഴിഞ്ഞദിവസത്തെ അമ്മയുടെ പെർഫോമൻസ് എന്നാേർത്ത് അവൻ മനസ്സിൽ ചിരിച്ചു. ഇതുകേട്ടയുടനെ വിശപ്പും ദാഹവും അന്യമാകുന്ന ഏതോ അവസ്ഥയിലൂടെയാണ് താൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്നറിയാതെ വരാന്തയിലെ ചൂരൽക്കസേരയിൽ പ്രതിമ കണക്കേയിരുന്ന കുട്ടൻപിള്ള പെട്ടെന്നെഴുന്നേറ്റു.
“എന്നാൽ വാ ഞാനും വരാം നമുക്കു പോയി വേഗം അതിങ്ങളെയിങ്ങ് എടുത്തോണ്ട് വരാം”
അച്ഛൻറെ പറച്ചിൽ കേട്ട് പ്രിയക്ക് ചിരിവന്നു, ഗോപനും.
“ഇപ്പോൾ പോയി എടുക്കാൻ
പറ്റില്ല, ഫാമിനുള്ളിലാണ് അവയെ തുറന്നു വിട്ടത്. അതിനുള്ളിൽ കയറണേൽ സന്ധ്യ കഴിയണം.”
ഗോപൻ പറഞ്ഞത് കേട്ടപ്പോൾ നിരാശയോടെ കുട്ടൻപിള്ള മുറിയിലേക്ക് പോയി.സന്ധ്യയാവുന്നതും കാത്ത് അയാൾ ചായംപൂശിയ ചുവരിൽ ചാരി ഇരുന്നു. “തിരിച്ചെടുക്കാൻ ചെല്ലുമ്പോഴേക്കും അവറ്റകൾ അവിടെ കാണുമോ? ഇല്ലെങ്കിൽ.. ‘?
അതോർത്തപ്പോൾ കുട്ടൻപിള്ളയുടെ നെഞ്ച് ഒന്നു പിടഞ്ഞു. തുടർന്നുളള ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളായണ് അയാൾക്ക് തോന്നിയത്.
ശുഭപ്രതീക്ഷയോടെ നേരം ഇരുട്ടുന്നതും കാത്ത് അയാളിരുന്നു.

സന്ധ്യയ്ക്ക് പ്രിയ വിളക്ക് വയ്ക്കാൻ വരാന്തയിൽ എത്തിയപ്പോൾ ഇരുൾ പരക്കുന്നതും കാത്ത് കയ്യിൽ ഒരു ചെറിയ ചാക്കും ഒരു ടോർച്ചുമായി കുട്ടൻപിള്ള മുറ്റത്തുലാത്തുന്നുണ്ടായിരുന്നു.
ഇരുട്ടു പരന്നപ്പോൾ ഗോപൻ പൂച്ചകളെ എടുക്കാനായി പോകാൻ വണ്ടി എടുത്തു.
“ഞാനും വരാം…” എന്നു പറഞ്ഞു കുട്ടൻപിള്ള ബൈക്കിന് അടുത്തേക്കു നടന്നു .
വേണ്ട എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അയാളിലെ ആകാംഷ മനസ്സിലാക്കിയതിനാൽ ഗോപൻ എതിർപ്പ് പറഞ്ഞില്ല. ബൈക്കിൽ സഞ്ചരിക്കുമ്പോഴും പിന്നിലിരുന്ന് കുട്ടൻപിള്ളയുടെ മനസ്സ് അതിലേറെ വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. അവിടെ എത്തും വരെ ഇടയ്ക്കിടയ്ക്ക് “കുറച്ചുകൂടി വേഗം പോ” എന്ന് അയാൾ പറയുന്നുണ്ടായിരുന്നു. ഫാമിന്റെ പിന്നിലെത്തി ബൈക്ക് വെച്ചതിനുശേഷം ഗോപൻ ചുറ്റുപാടും നോക്കി. വല്ലവരും കണ്ടാൽ മോഷണത്തിനു വന്നവരെന്നേ കരുതുകയുള്ളു എന്നവൻ മനസ്സിലോർത്തുകൊണ്ട് പറഞ്ഞു,
“ആ ടോർച്ചും ചാക്കും ഇങ്ങു താ ഞാൻ പോയിട്ട് വരാം ”
”ഞാനും വരാം ഇവിടെ കാത്തു നിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, വേഗം അവയെ കണ്ടെത്തണം.”
അയാളുടെ മറുപടി കേട്ടപ്പോൾ ഗോപന് തടയാൻ തോന്നിയില്ല. മതിലിൽ കയറി അപ്പുറത്തേക്ക് ചാടാൻ ഗോപൻ അയാളെ സഹായിച്ചു. രണ്ടുപേരുംകൂടി അതിനുള്ളിലെ കാട് നിറഞ്ഞ ഭാഗത്തേക്ക് നടന്നു. അവിടെയൊക്കെ ടോർച്ചടിച്ചു നോക്കിയെങ്കിലും പൂച്ചകളെ കണ്ടെത്താനായില്ല.

അപ്പോൾ കുട്ടൻപിള്ള പല്ലുകൾ ചേർത്തുവെച്ച് നാക്ക് ഉപയോഗിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ആയപ്പോഴേക്കും പൂച്ചക്കുട്ടികളും തള്ളപ്പൂച്ചയും അവിടേക്ക് ഓടിവന്നു. കുട്ടൻപിള്ളയുടെ കാലിൽ ദേഹം ഉരസി നിൽപ്പായി. അയാൾ തന്റെ കയ്യിലിരുന്ന ചാക്കിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. അതിൽനിന്നും നിന്നും ചെറിയ മത്തികളെടുത്ത് അവയ്ക്ക് മുന്നിലേക്കിട്ടുകൊടുത്തു. ടോർച്ച് വെട്ടത്തിൽ അതു തിന്നുന്നത് നോക്കിനിന്നപ്പോൾ കുട്ടൻപിള്ളയുടെ മുഖം വിടർന്നു.ഗോപനതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു.

” വേഗം പോകാം ” അയാൾ ഗോപനോട് പറഞ്ഞു.
മതിൽ ചാടി ബൈക്കിൽ സഞ്ചരിക്കുമ്പോൾ “കുട്ടൻപിള്ള ഒരു അത്ഭുത പ്രതിഭാസം തന്നെ ” എന്നു ഗോപൻ മനസ്സിൽ പറഞ്ഞു. വീട്ടിലെത്തി പൂച്ചകളെ സ്വതന്ത്രമാക്കാൻ വെമ്പുന്ന കുട്ടൻപിള്ളയുടെ മനസ്സ് ബൈക്കിനെക്കാൾ വേഗത്തിൽ പായുകയായിരുന്നു. അപ്പോഴും കുട്ടൻപിള്ള പൂച്ചകളെ വിളിക്കാൻ പുറപ്പെടുവിച്ച പ്രത്യേക ശബ്ദം ഗോപന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

 

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.