ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിങ്ഹാം: 14 വർഷമായി അധികാരത്തിലിരുന്ന ലേബർ പാർട്ടിക്ക് ബർമിങ്ഹാം സിറ്റി കൗൺസിലിൽ കനത്ത തിരിച്ചടി. പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്ത അവസ്ഥയാണ് രൂപപ്പെട്ടത്. 101 സീറ്റുകളിൽ 99 സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ റീഫോം പാർട്ടിക്ക് 22 സീറ്റും ഗ്രീൻസിന് 19 സീറ്റും ലഭിച്ചു. ലേബർ 17 സീറ്റിലേക്കാണ് ചുരുങ്ങിയത്. കൺസർവേറ്റീവുകൾക്ക് 16 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾക്ക് 12 സീറ്റും സ്വതന്ത്രർക്ക് 13 സീറ്റും ലഭിച്ചതോടെ കൗൺസിൽ ആറ് വിഭാഗങ്ങളായി തിരിഞ്ഞ നിലയിലാണ്. 2023ൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കൗൺസിലിൽ പുതിയ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഗരത്തിൽ മാസങ്ങളായി തുടരുന്ന മാലിന്യ ശേഖരണ തൊഴിലാളികളുടെ സമരവും ലേബറിനെതിരായ ജനവികാരത്തിന് കാരണമായതായാണ് വിലയിരുത്തൽ. തെരുവുകളിൽ മാലിന്യക്കൂമ്പാരം നിറഞ്ഞ സാഹചര്യത്തിൽ ഭരണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബർമിങ്ഹാം കൗൺസിൽ നേതാവായിരുന്ന ജോൺ കോട്ടൺ സ്വന്തം സീറ്റിൽ പോലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ സന്ദേശം ഗൗരവത്തോടെ കാണണമെന്നും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൗൺസിലിന്റെയും യൂണൈറ്റ് യൂണിയന്റെയും മധ്യസ്ഥതയിൽ മാലിന്യ സമരം അവസാനിപ്പിക്കാൻ ധാരണയായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് അത് വീണ്ടും വൈകാനാണ് സാധ്യത.

ഗാസ യുദ്ധവുമായി ബന്ധപ്പെട്ട വികാരങ്ങൾ പ്രയോജനപ്പെടുത്തി മുസ്ലിം സ്വതന്ത്ര സ്ഥാനാർഥികൾ നടത്തിയ ശക്തമായ പ്രചാരണവും ലേബറിന് തിരിച്ചടിയായി. രാഷ്ട്രീയ പ്രവർത്തകനായ അഖ്മദ് യാക്കൂബിന്റെയും വ്യവസായി ഷക്കീൽ അഫ്സറിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സ്വതന്ത്ര കൂട്ടായ്മ മുസ്ലിം ഭൂരിപക്ഷ വാർഡുകളിൽ നിരവധി സീറ്റുകൾ നേടി. 19കാരനായ മൻസൂർ അഹമ്മദ് ഉൾപ്പെടെ നിരവധി യുവ സ്ഥാനാർഥികൾ വിജയിച്ചു. അതേസമയം 1999ൽ ബ്രിട്ടീഷ് കോൺസുലേറ്റ് ആക്രമണ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഹിദ് ബട്ട് സ്പാർക്ഹിൽ വാർഡിൽ പരാജയപ്പെട്ടു. ലേബറെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി മുന്നേറിയെന്നായിരുന്നു അഖ്മദ് യാക്കൂബിന്റെ പ്രതികരണം.