ലാലി രംഗനാഥ്

2020. ഏപ്രിൽ 9.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്നായിരിക്കും ഒരുപക്ഷേ ഈ ദിവസം.. അന്നായിരുന്നു എന്റെ മണാലിയാത്രയുടെ തുടക്കം. വായിച്ചും കേട്ടുമറിഞ്ഞ മണാലി എന്ന സുന്ദരിയെ കാണുന്നതിന് മുൻപേ തന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു.

ഭർത്താവും ഞാനും ഒരു സംഘത്തോടൊപ്പമാണ് യാത്രയുടെ തുടക്കത്തിൽ കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. ഏകദേശം ഉച്ചയോടെ ഡൽഹി എയർപോർട്ടിൽ എത്തിയ ഞങ്ങൾ, ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് വോൾവോ ബസ്സിലായിരുന്നു മണാലിയിലേക്ക് യാത്ര തിരിച്ചത്. പാട്ടും ഡാൻസും അന്താക്ഷരി കളിയുമെല്ലാമായി ആഹ്ലാദ ത്തിമിർപ്പിലായിരുന്നു നാല്പതംഗസംഘം. അഞ്ചു മണിയായപ്പോഴേക്കും ചായ കുടിക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഇതിനകം പരസ്പരം പരിചയപ്പെടലിന്റെ അൻപത് ശതമാനത്തോളം കഴിഞ്ഞ്,ഒരു കുടുംബം പോലെയായിക്കഴിഞ്ഞിരുന്നു സംഘാംഗങ്ങൾ.

ഡൽഹിയിൽ നിന്നും പന്ത്രണ്ട് മണിക്കൂർ യാത്രയാണ്, 536 കിലോമീറ്റർ അകലെയുള്ള മണാലിയിലേക്ക്. ഡൽഹിയുടെ രാജവീഥികളിൽ നിന്ന് ബസ് ഔട്ടർ ഡൽഹിയിലേക്ക് പ്രവേശിച്ചു. സോണിപറ്റ് വഴി കുരുക്ഷേത്രയും, അംബാലയും,ചണ്ഡീഗഡും പിഞ്ചോറും പിന്നിട്ട് കുളു വഴി മണാലി.. ഇതാണ് റൂട്ടെന്ന് നമ്മോടൊപ്പമുള്ള ട്രാവൽ ഏജൻസിയുടെ എം.ഡി. ഹാരിസ് കൃത്യതയോടെ പറഞ്ഞു തന്നപ്പോൾ വെറുതെ ഓർത്തു, കുളിരുള്ള സ്ഥലമായതുകൊണ്ടാവും ‘കുളു’ എന്ന പേരെന്ന്.” ‘ചിന്തിച്ചുണ്ടാക്കുക ‘.എന്ന എന്റെ സ്ഥിരം സ്വഭാവം തലയുയർത്തി . സത്യമതല്ലെന്ന് വിവരമുള്ള ആരോ പിന്നീട് പറഞ്ഞുതന്നു. “കുളു “എന്ന പേരിന്റെ ഉത്ഭവം ‘ വാസയോഗ്യമായ അവസാന സ്ഥലം ‘.. എന്നർത്ഥംവരുന്ന ‘കുളന്ത്‌ പിത്ത’ എന്ന വാക്കിൽ നിന്നുമാണെന്ന്. “എന്താല്ലേ… എന്റെ ഓരേ ചിന്തകളേ..”

ഇരുട്ട് കൂടി വന്നപ്പോൾ പുറംകാഴ്ചകളിൽ അവ്യക്തത വന്നുതുടങ്ങി. ബസ് രാത്രി ഭക്ഷണത്തിനായി ഒരു ധാബയിൽ നിർത്തി. ഭക്ഷണപ്രിയ ആണെങ്കിലും അന്ന് അത്രയ്ക്ക് വിശപ്പൊന്നും തോന്നിയില്ല. മനസ്സു മുഴുവൻ പുലരുമ്പോൾ കാണാമെന്നുറപ്പുള്ള മണാലി എന്ന സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.ബസ്സിൽ നിശബ്ദത കൂടിക്കൂടി വന്നപ്പോളെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.

കണ്ണുതുറന്നപ്പോൾ നേരം പുലർന്നു വരുന്നു. ദുർഘടം പിടിച്ച പാതയിലൂടെ ബസ്സ് മുന്നോട്ടു കുതിക്കുന്നു. അഞ്ചുമിനിറ്റ് ആ യാത്രാസുഖം അനുഭവിച്ച ഞാൻ മനസാ ബസിന്റെ ഡ്രൈവറെ നമിച്ചു പോയി. സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടവുമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ തോന്നി.

മണാലി എന്ന സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ബിയാസ് നദിയുടെ അരികിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നില്ല. ഒരു ഭാഗത്ത് കിഴുക്കാം തൂക്കായി കിടക്കുന്ന കൊക്കകൾ… വലിയ പാറക്കെട്ടുകളിൽ തട്ടി,പൊട്ടിച്ചിരിച്ച് പുളകം കൊണ്ട് ഒഴുകുന്ന ബിയാസ് നദി.. അല്പം പേടിപ്പെടുത്തുന്നതായിരുന്നെങ്കിലും മണാലിയിൽ എത്തിയപ്പോൾ ആ യാത്ര സ്വർഗ്ഗത്തിലേക്ക് തന്നെയായിരുന്നു എന്ന് അറിയാതെ പറഞ്ഞു പോയി. എത്ര സുന്ദരിയായിരുന്നു മണാലി. 7 30 ന് ഞങ്ങൾ മണാലിയിലെ ഹോട്ടലിന് മുന്നിലെത്തി. നാലു ഡിഗ്രി തണുപ്പ് കാലിലൂടെ അരിച്ചുകയറുന്നുണ്ടായിരുന്നു. ചെറിയ വിശ്രമത്തിനുശേഷം 8:30ന് വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും വിശപ്പിന്റെ അസുഖം തലയുയർത്തി തുടങ്ങിയിരുന്നു.. പ്രാതൽ കഴിഞ്ഞു…ഇനി സുന്ദരമായ മണാലിക്കാഴ്ചകളിലേക്ക്….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടരും….

 

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം