തിരുവനന്തപുരം: ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരു ഏക്കർ വരെ ഭൂമി പതിച്ചു നൽകുന്നതു കർശന വ്യവസ്ഥകളോടെ. പതിച്ചു നൽകുന്ന സ്ഥലത്തു വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്നും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി.
ആരാധനാലയങ്ങളുടെ സ്ഥലത്ത് ഇപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങളുണ്ടെങ്കിൽ ആ സ്ഥലം പതിച്ചു നൽകാൻ കമ്പോളവില ഈടാക്കും.
എന്നാൽ, പതിച്ചു നൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനു തടസമില്ല. പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ സർക്കാർ തിരിച്ചെടുക്കും. കുത്തക പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ, പാട്ടം പുതുക്കി നൽകും.
മത- ധർമ സ്ഥാപനങ്ങൾക്കു പരമാവധി 50 സെന്റ് ഭൂമി വരെ പതിച്ചു നൽകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചപ്പോൾ മന്ത്രിമാരിൽ പലരും ഇതുമായി ബന്ധപ്പെട്ട ആശങ്കയും സംശയങ്ങളും അറിയിച്ചു. എന്നാൽ, സംസ്ഥാനത്തു രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ലെന്നും രണ്ടു വർഷമായി ഈ വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഭൂമി പതിച്ചു നൽകാമെന്നു നിയമ- ധന വകുപ്പുകൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൂമി പതിച്ചു കൊടുക്കേണ്ട ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാകും തീരുമാനിക്കുക. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരില്ല.1964 ലെ ഭൂപരിഷ്കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചു നൽകുന്നത്. 1995ലെ മുനിസിപ്പൽ- കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം പ്രകാരം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ നിർദേശങ്ങൾ പരിഗണിച്ചും നിയമപരവും പ്രായോഗികവുമായ പ്രശ്നങ്ങൾ പഠിച്ചും തീരുമാനം എടുക്കാനാണ് ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയത്. മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനാകില്ല. നയപരമായ മാറ്റം ഉണ്ടാവുകയാണെങ്കിൽ വീണ്ടും മന്ത്രിസഭയിൽ കൊണ്ടു വന്നു മാത്രമേ ഉത്തരവിന് അന്തിമ രൂപം നൽകാനാകൂ.
ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരേക്കർ വരെയുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചു നൽകുന്പോൾ ശേഷിക്കുന്ന സ്ഥലം തിരികെ ഏറ്റെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന പ്രശ്നമുണ്ട്.
ആരാധനാലയങ്ങൾക്കു കൈവശാവകാശം നൽകിക്കൊണ്ട് പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെ കുറിച്ചാകും ആലോചിക്കുക. ശ്മശാനങ്ങൾക്ക് 75 സെന്റ് വരെയുമാണു ഭൂമി പതിച്ചു നൽകുക.
കലാ-കായിക-സാംസ്കാരിക സംഘടനകൾക്ക് 15 സെന്റ് വരെ ഇത്തരത്തിൽ തുക ഈടാക്കി പതിച്ചു നൽകാനുള്ള തീരുമാനം ഗ്രാമീണ ക്ലബുകൾക്കാണു പ്രയോജനപ്പെടുക. ഓരോ ക്ലബിന്റെയും ആവശ്യം പരിശോധിച്ച് അതിന് അനുസരിച്ചുള്ള ഭൂമിയേ അനുവദിക്കുകയുള്ളൂ.
Leave a Reply