ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജ് : കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയത്തിൽ സുപ്രധാന തീരുമാനവുമായി എൻഎംസി. മലയാളിയായ കൗൺസിലർ ബൈജു തിട്ടാല കൊണ്ടുവന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിൽ പാസാക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ ഇതര നേഴ്‌സ് എൻറോൾമെന്റ് രജിസ്‌ട്രേഷൻ സംബന്ധിച്ച് കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ഗ്രൂപ്പ് ലീഡർ ലൂയിസ് ഹെർബർട്ട്, കൗൺസിലർ ബൈജു തിട്ടാല എന്നിവരുമായി കൂടിയാലോചന നടത്താൻ നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിനോട് അഭ്യർത്ഥിക്കുന്ന പ്രമേയമാണ് ഇത്. ബ്രിട്ടനിലേക്ക് കുടിയേറിയ എല്ലാ നേഴ്‌സുമാരും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയക്കണമെന്ന് എൻഎംസി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനുള്ള മാനദണ്ഡങ്ങൾ വിവേചനപരമാണെന്ന് ബൈജു തിട്ടാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ഏകദേശം 10 വർഷമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം കെയർ അസിസ്റ്റന്റുമാരും ടെസ്റ്റിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.

ലൂയിസ് ഹെർബർട്ട്

യുകെയിൽ വിജയകരമായി ബിരുദം / ബിരുദാനന്തര ബിരുദം നേടിയ കെയർ അസിസ്റ്റന്റുമാർക്ക് നേഴ്‌സായി യോഗ്യത നേടുന്നതിന് ഇംഗ്ലീഷ് പരീക്ഷ എഴുതണം. എൻഎംസിയുടെ ഇത്തരം ആവശ്യകതകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നമ്മുടെ ആരോഗ്യമേഖലയിൽ ദീർഘനേരം ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഇംഗ്ലീഷ് പരീക്ഷ ആവശ്യമാണെന്ന എൻഎംസി നിലപാട് അന്യായമാണെന്ന് ബൈജു തിട്ടാലയുടെ പ്രമേയത്തിൽ പറയുന്നു. 2019ലാണ് ഈ പ്രമേയം പാസായത്. കൺസൾട്ടേഷനായി 2020 ജനുവരി 30 – ന് ഹെർബർട്ട്,ബൈജു തിട്ടാല എന്നിവരെ എൻഎംസി ക്ഷണിച്ചു. 4 വർഷത്തിലേറെയായി കെയർ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന ആന്റണി സേവ്യർ , ഷാലി തോമസ് , സിനി പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗവേഷണത്തിന്റെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാമെന്ന് എൻഎംസി പിന്നീട് കത്തിൽ ഉറപ്പുനൽകി.

ബൈജു തിട്ടാല

ഐഇഎല്‍ടിഎസ്, ഒഇടി ടെസ്റ്റുകളാണ് നിലവില്‍ അന്താരാഷ്ട്ര പരിശീലനം നേടി രജിസ്റ്ററില്‍ ചേരാനെത്തുന്ന നേഴ്സുമാര്‍ക്കായി എന്‍എംസി സ്വീകരിക്കുന്നത്. ഇതില്‍ നിന്നും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ന്യായമായ രീതിയിലേക്ക് നയം മാറ്റണമെന്ന ആവശ്യമാണ് ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ഉയർന്നത്. ഇതിന്റെ ഫലമായി ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരിഗണിക്കുന്ന രീതിയാണ് ആദ്യം കണ്‍സള്‍ട്ടേഷന് വിധേയമാകുക. രണ്ടാമത്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നതാണ്. എംപ്ലോയറുടെ റഫറന്‍സ്, യുകെയിലെ ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങളില്‍ റെഗുലേറ്റ് ചെയ്യാത്ത പ്രാക്ടീസില്‍ നിന്നുള്ള തെളിവ്, ബിരുദാനന്തര ബിരുദം ഇംഗ്ലീഷിൽ പഠിച്ചതാണോ എന്ന് തുടങ്ങിയ പരിശോധനകളും ഇതില്‍ പെടും.

ഈ പ്രമേയത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ കൗൺസിലർമാർക്കും കേംബ്രിഡ്ജ് ലേബർ പാർട്ടിക്കും കൗൺസിലർ ഹെർബെർട്ടും കൗൺസിലർ ബൈജു തിട്ടാലയും നന്ദി പറഞ്ഞു. അന്തിമ തീരുമാനത്തിന് മുൻപായി കേംബ്രിഡ്ജ് സിറ്റി കൗൺസിലുമായി കൂടിയാലോചിക്കണമെന്ന് എൻഎംസിക്ക് കത്തെഴുതാനുള്ള നീക്കത്തിലാണ് ബൈജു.