ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലാണ് കഴിഞ്ഞ ദിവസം അർജന്റീനയും സൗദി അറേബ്യയും തമ്മിൽ നടന്ന മത്സരത്തിലുണ്ടായത്. കിരീടം മോഹിച്ചെത്തിയ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ കീഴടക്കിയത്. അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ റഫറി നിഷേധിച്ചത് തെറ്റായ അനുമാനത്തിന്റെ പുറത്താണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

പാസ് നൽകുന്ന സമയത്ത് ലൗടാരോ മാർട്ടിനസിന്റെ പൊസിഷൻ ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി വിധിച്ചത് തൊട്ടടുത്തുള്ള ഡിഫെൻഡറുടെ പൊസിഷൻ മാത്രം നോക്കിയാണെന്നാണ് ആരോപണം ഉയരുന്നത്. സൗദി ലെഫ്റ്റ് ബാക്കിന്റെ കാലുകൾ വീഡിയോ റഫറി ശ്രദ്ധിച്ചില്ലെന്നും അതു പരിഗണിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് ഓഫ്‌സൈഡല്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. അർജന്റീനയുടെ വിജയം തന്നെ ഇതു നിഷേധിച്ചുവെന്നും അവർ പറയുന്നു.

ആ ഗോൾ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തുമായിരുന്നു. സൗദിക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ അതോടെ ഇല്ലാതാവുകയും ചെയ്യുമായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് മാത്രം നേടിയ അർജന്റീന അതിനു ശേഷം രണ്ടാം പകുതിയിൽ അഞ്ചു മിനുറ്റിനിടെ രണ്ടു ഗോൾ വഴങ്ങി മത്സരത്തിൽ തോൽവി നേരിടുകയായിരുന്നു.