യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്‌നീന്‍ റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്‌നീന്‍ തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്‌നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്‌നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്‍കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്‌നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്‌നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്‌നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്‌നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.