ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ സംബന്ധിച്ച് ഒരു തുറന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തക കെയിറ്റ് ഗാരവേ. കഴിഞ്ഞവർഷം മാർച്ചിലാണ് കൊറോണ ബാധിച്ച് കെയിറ്റിന്റെ ഭർത്താവ് അമ്പത്തിമൂന്നുകാരനായ ഡെറെക് ഡ്രെയ്പർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉടൻതന്നെ അദ്ദേഹത്തെ മെഡിക്കലി ഇൻഡ്യുസ് ഡ് കോമയിലേയ്ക്ക് ആശുപത്രി അധികൃതർ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ ബാധ മൂലം അദ്ദേഹത്തിന്റെ കിഡ്നി, ലിവർ, പാൻക്രിയാസ് എന്നിവയ്ക്ക് സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. ഇതോടൊപ്പംതന്നെ ന്യൂമോണിയ മൂലം അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ ഹോളുകളും ഉണ്ടായിരുന്നു. യുകെയിൽ തന്നെ ഏറ്റവും കൂടുതൽ കാലം കൊറോണ ബാധിതനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇതിൽനിന്നെല്ലാം മോചിതനായി, ഈമാസം ആദ്യം അദ്ദേഹം സൗഖ്യം പ്രാപിച്ച് വീട്ടിലെത്തി.


എന്നാൽ ഈ ഒരു വർഷം നീണ്ട തന്റെ അനുഭവത്തെക്കുറിച്ച് കെയിറ്റ് ഗാരവേ ദി മെയിലിൽ സീരിയലൈസ് ചെയ്യപ്പെടുന്ന അവരുടെ മെമ്മോയറിൽ വെളിപ്പെടുത്തുന്നു. തന്റെ ഭർത്താവിന്റെ രോഗം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്ന് അവർ ഇതിൽ വെളിപ്പെടുത്തുന്നുണ്ട്. ഭവനത്തിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത്, ഇത് തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് പോലും ഡെറെക് സംശയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രി വാസത്തിൽ അദ്ദേഹം വളരെയധികം നിരാശനായിരുന്നു. തനിക്ക് അയച്ച മെസേജുകൾ പലതും ഹൃദയഭേദകമായിരുന്നു എന്ന് കെയിറ്റ് പറയുന്നു.


ഈ മാസം ആദ്യം ഡെറെക് സൗഖ്യമായി ഭവനത്തിൽ എത്തിയ വിവരം കെയിറ്റ് ജനങ്ങളെ അറിയിച്ചിരുന്നു. ഡെറെക് കോമയിൽ തന്നെ തുടരുമോ എന്ന് പോലും തങ്ങൾ എല്ലാവരും ഭയപ്പെട്ടു. രോഗം ബാധിച്ച നിരവധി ആളുകളുടെ പ്രതിനിധിയായാണ് ഡെറെക് നിലനിൽക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അനുഭവം മറ്റ് എല്ലാവരുടെയും അനുഭവം പോലെ തന്നെയാണ്. ഏകദേശം ഏഴ് മില്യനോളം ആളുകളാണ് കെയിറ്റിന്റെ ഡോക്യുമെന്ററി ഇതു വരെ കണ്ടത്. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന ആവശ്യമാണ് കെയിറ്റ് മുന്നോട്ടുവയ്ക്കുന്നത്.