അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രവി പൂജാരിയെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണിമുഴക്കുകയും ചെയ്തതിന് രവി പൂജാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലെന്നാണ് വിവരം.

മുബൈയിലെ ചെമ്പൂരിൽ ഉദയം കൊണ്ടു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെയാണു പൂജാരി മാധ്യമ ശ്രദ്ധ നേടുന്നത്. തുടർന്നു ഹോട്ടൽ ഉടമകളിൽ നിന്നു ഹഫ്‌ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്‌തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടിങ്ങോട്ടുള്ള പ്രവർത്തനങ്ങൾ.

2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമാതാവ് രവികപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു. ചതിയന്മാരും കുബുദ്ധികളുമായവർക്കു നിയമ സഹായം ചെയ്യരുതെന്നായിരുന്നു അഭിഭാഷകനു കത്തു വഴി വന്ന ഭീഷണി.

പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്‌ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെയാരംഭിച്ചിരുന്നെങ്കിലും അടുത്തിടെ രാജൻ സംഘാംഗങ്ങളെ കൂട്ടത്തോടെ പൊലീസ് അറസ്‌റ്റ് ചെയ്‌തത് സംഘത്തെ തളർത്തി. സംഘാംഗങ്ങളായ അശോക് സാതാർഡേക്കർ, പോൾസൺ ജോസഫ്, ജഗദീഷ് ബെൽനേക്കർ, രമേശ് പവാർ, ചിന്താമൻ ബേലേകർ എന്നിവരെ മുൻപ് ചെമ്പൂർ തിലക് നഗർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.