താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയും വിവാദങ്ങള്‍ തുടരുന്നു. നടന്‍ സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.

സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് ആരോപിച്ചു.

അമ്മ സംഘടനയ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സിദ്ദീഖിന്റെ പരാമര്‍ശത്തിനെതിരെയാണ് നാസര്‍ ലത്തീഫ് രംഗത്ത് എത്തിയത്. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ സംഘടനയ്ക്ക് ആയില്ലെന്ന് നാസര്‍ മാലിക് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ വ്യക്തമാക്കി.രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.

‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.

കൊച്ചിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.

അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരായി നാസര്‍ ലത്തീഫ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.