ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്ന് സുപ്രീംകോടതി. ശ്രീശാന്ത് സമര്‍പ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചു, മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല..

മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത വാഗ്ദാനം ചെയ്തെന്നായിരുന്നു വാര്‍ത്തകള്‍.തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു.

തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

മേയ് 23–ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.

മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടച്ചു.

സെപ്തംബര്‍ 13: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു.

2015 ഏപ്രില്‍ 20: ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു.

2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗി

ച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍.

2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

2017 സെപ്തംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി

2017 ഒക്ടോബര്‍ 18: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.