സാള്‍ട്ട്‌ലേക്ക് സിറ്റി: തണുത്തുറഞ്ഞ നദിയില്‍ മുങ്ങിയ കാറിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടതിനു പിന്നില്‍ ലോകാതീത ശക്തികളെന്ന അവകാശവുമായി പോലീസുകാരന്റെ പുസ്തകം. ടൈലര്‍ ബെഡോസ് എന്ന പോലീസുകാരനാണ് വിചിത്രവാദങ്ങളുള്ള പുസ്തകവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അപകടത്തില്‍ അമ്മ മരിച്ചെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ കഥയാണ് പുസ്തകം പറയുന്നത്. വടക്കന്‍ യൂറ്റായിലെ തണുത്തുറഞ്ഞ സ്പാനിഷ് ഫോര്‍ക്ക് നദിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞാണ് ജെന്നിഫര്‍ ഗ്രോസ് മരിച്ചത്. പതിനാല് മണിക്കൂറിന് ശേഷമാണ് അപകടത്തെക്കുറിച്ച് അറിയാനായത്. നാല് പൊലീസുകാര്‍ ആദ്യം സ്ഥലത്തെത്തി. അവര്‍ അപകടത്തിന്റെ പല വിധ ചിത്രങ്ങള്‍ പകര്‍ത്തി.
തണുത്തുറഞ്ഞ വെളളത്തിലേക്കിറങ്ങിയ ഈ പൊലീസുകാര്‍ക്ക് പിന്നീട് ചികിത്സ വേണ്ടി വന്നു. വാഹനത്തിനുളളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൈക്ക് ഉപയോഗിച്ച് വാഹനത്തിനുളളില്‍ എന്തെങ്കിലും ശബ്ദം ഉണ്ടോയെന്നും സംഘം പരിശോധിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കാറിനുളളില്‍ നിന്ന് തീര്‍ത്തും പരിക്ഷീണിതമായ ഒരു ശബ്ദം കേള്‍ക്കാനായി. സഹായാഭ്യര്‍ത്ഥനയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ രക്ഷാ പ്രവര്‍ത്തം ഊര്‍ജ്ജിതമാക്കി. വെളളം കയറിയ കാറിനുളളില്‍ ഇരുപത്തഞ്ചുവയസുകാരി മരിച്ചുകിടക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാനായത്.

എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ പതിനെട്ട് മാസം പ്രായമുളള ഇവരുടെ കുഞ്ഞ് ലിലി ഉണ്ടായിരുന്നു. നിവര്‍ന്ന് ഇരിക്കുന്ന നിലയിലായിരുന്നു അവള്‍. കുട്ടികളുടെ സീറ്റില്‍ ബെല്‍റ്റിട്ട് ഇരുത്തിയ നിലയിലായിരുന്നു കുഞ്ഞ്. മുഖം മുകളിലേക്ക് ഉയര്‍ന്നിരുന്നതിനാല്‍ അപകടം സംഭവിച്ചില്ല. ഇവളുടെ വസ്ത്രത്തില്‍ പോലും നനവ് ഉണ്ടായിരുന്നില്ലെന്നതും രക്ഷാപ്രവര്‍ത്തകരില്‍ അത്ഭുതമുണ്ടാക്കി. തണുത്ത് വിറക്കുന്ന കുഞ്ഞിന് ബോധവും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിലി പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ച് കയറി. ജെന്നിഫറിന്റെ മരണത്തെക്കുറിച്ചുളള ദൂരുഹത ഇന്നും തുടരുകയാണ്. കാര്‍ പാലത്തിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം.

ഈ കുഞ്ഞിന്റെ അത്ഭുത രക്ഷപ്പെടല്‍ ലോകമെമ്പാടുമുളള മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകളായി. ഏതായാലും ഈ കുഞ്ഞ് അത്ഭുത ശിശു തന്നെയാണെന്നാണ് ആ നിമിഷങ്ങളെക്കുറിച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. അമ്മ അപകടമുണ്ടായ ഉടന്‍ തന്നെ മരിച്ചു. കുഞ്ഞ് അബോധാവസ്ഥയിലുമായിരുന്നു. പിന്നെ ആരാണ് തങ്ങള്‍ കേട്ട ആ സ്ത്രീ ശബ്ദത്തിന് ഉടമയെന്നാണ് ഇവര്‍ ചോദിക്കുന്നത്. ആ അവസരത്തില്‍ കുഞ്ഞിനെ സംരക്ഷിച്ച സ്വര്‍ഗീയ ശക്തി തന്നെയാകും ആ ശബ്ദം ഉണ്ടാക്കിയതെന്നാണ് പൊലീസുകാര്‍ ഉറച്ച് വിശ്വസിക്കുന്നത്.

രാത്രി മുഴുവന്‍ പാതിമുങ്ങിയ കാറില്‍ ആ കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കുകയും പിന്നീട് രക്ഷാപ്രവര്‍ത്തകരെ വിളിച്ച് സഹായം ആവശ്യപ്പെടുകയും ചെയ്തത് ആ ശക്തി തന്നെയാണെന്നും ടൈയ്‌ലര്‍ ബെഡോസ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അദ്ദേഹമെഴുതിയ പുസ്തകത്തില്‍ തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. സഹായ അഭ്യര്‍ത്ഥന ആ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അകെലയെവിടെയോ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ആ ശബ്ദം. തങ്ങളുടെ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഇത് മാലാഖയുടെ കുഞ്ഞാണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം.