ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബുധനാഴ്ച മുതൽ ലിവർപൂൾ സിറ്റി റീജിയൺ കോവിഡ് അലേർട്ട് ലെവലിൽ ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ത്രീ ടയർ സിസ്റ്റം സ്ഥിരീകരിച്ച പ്രധാനമന്ത്രി, പബ്ബുകളും ബാറുകളും ബെറ്റിങ് ഷോപ്പുകളും മെർസീസൈഡിൽ അടയ്ക്കുമെന്ന് അറിയിച്ചു. രാജ്യത്ത് മറ്റൊരു ദേശീയ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ തമ്മിലുള്ള ഇടപെടൽ നിയന്ത്രിക്കുന്നത് ജീവൻ രക്ഷിക്കുമെന്നും രോഗബാധ തടയാൻ സഹായിക്കുമെന്നും ബോറിസ് ജോൺസൺ എം‌പിമാരോട് പറഞ്ഞു. പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകുന്നേരം 7 നുള്ള പത്രസമ്മേളനത്തിൽ ജോൺസൻ അറിയിക്കും. നിയന്ത്രണങ്ങൾ കടുപ്പിച്ചാലും സ്കൂളുകളും സർവകലാശാലകളും റീറ്റെയിൽ ഷോപ്പുകളും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. വൈറസിന്റെ വ്യാപനം തടയാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.

അതേസമയം കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഒരുങ്ങാൻ നോർത്തേൺ ഇംഗ്ലണ്ടിലെ ആശുപത്രികളോട് ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹാരോഗേറ്റ് എന്നിവിടങ്ങളിലെ എൻ‌എച്ച്എസ് നൈറ്റിംഗേൽ ആശുപത്രികളോടാണ് ചികിത്സ നൽകുന്നതിനായി സജ്ജരാകാൻ ആവശ്യപ്പെട്ടത്. ആശുപത്രി പ്രവേശനം വർധിച്ചുവരികയാണെന്ന് സർക്കാർ ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഈ തീരുമാനം. കൂടുതൽ പ്രായമായവർക്ക് കോവിഡിന് അടിയന്തിര ചികിത്സ ആവശ്യമാണ്. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് ഇപ്പോൾ രാജ്യവ്യാപകമായി കാണുന്നുണ്ടെന്നും എന്നാൽ ഇത് നോർത്തേൺ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമല്ലെന്നും ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ കേസുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികൾ ഇതുവരെ പൂർണ ശേഷിയിലെത്തിയിട്ടില്ലെങ്കിലും ആവശ്യം വർദ്ധിച്ചാൽ എൻ‌എച്ച്‌എസിന് ചില താൽക്കാലിക നൈറ്റിംഗേൽ ആശുപത്രികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഉപദേശകർ അറിയിച്ചു.

പബ്ബുകൾ അടയ്ക്കുന്നത് പോലുള്ള അധിക നടപടികളുടെ ഗുണം കാണുന്നതിന് ആഴ്ചകൾ എടുക്കുമെന്ന് എൻ‌എച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ കോവിഡ് വ്യാപന നിരക്കുകളുള്ള ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് പതിവായി പരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തേക്കാൾ കൂടുതൽ രോഗികൾ ഇപ്പോൾ ഇംഗ്ലണ്ട് ആശുപത്രികളിൽ ഉണ്ടെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ദിവസേനയുള്ള പുതിയ പ്രവേശനങ്ങളുടെ എണ്ണം വളരെ ഉയർന്ന നിലയിലുമാണ്. വരുന്ന ആഴ്ചകൾ എൻ എച്ച് എസിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്.