ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഓണക്കാലത്ത് അണിയിച്ചൊരുക്കിയ ചവിട്ടുനാടകം ജനശ്രദ്ധ നേടുന്നു.

ലിമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ പുതുമ നിറഞ്ഞതും ശ്രദ്ധ നേടിയതും ലിമയുടെ പ്രസിഡൻ്റ് ജോയി അഗസ്തിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ചവിട്ടുനാടകമായിരുന്നു. കേരളത്തിൽ തന്നെ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ ചവിട്ടു നാടകം യുകെയിലെ ലിവർപൂളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് ലോക മലയാളികൾക്ക് തന്നെ അഭിമാനമായി.

വന്ദ്യ ചാവറ കുരിയാക്കോസ് അച്ഛൻ തിരുവിതാംകൂർ രാജാവിനെ കണ്ട് സ്കൂൾ സ്ഥാപിക്കുവാൻ അനുമതി ചോദിക്കുവാൻ വരുന്നതായിരുന്നു പ്രമേയം. നവോത്ഥാന നായകൻ ചാവറ കുര്യാക്കോസ് അച്ചനായി വേഷമണിഞ്ഞ ഷാജു പടയാറ്റിലും, രാജാവ് ആയി എത്തിയ ലിമയുടെ പ്രസിഡൻ്റ് ജോയി അഗസ്തിയും ടീമും മത്സരിച്ചഭിനയിച്ച യുകെയിലെ ആദ്യത്തെ ചവിട്ട് നാടകം ലിമയുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ചവിട്ട് നാടകത്തിന്റെ തലസ്ഥാനമായ ഗോതുരുത്തിലെ പ്രധാന ആശാനായ തമ്പി പയ്യപ്പിള്ളിയാണ് ഇതിനു വേണ്ട വേഷവിധാനങ്ങളും ഉപദേശങ്ങളും നൽകിയത്. അഞ്ജലി ബേബി, മെലീസ അനു , ആതിര അരുൺ, ജിൻസിമോൾ ചാക്കോ, എലൈൻ അന്ന , റാണി, അശ്വതി ഹരിഹരൻ എന്നിവർക്കൊപ്പം ചാവറ കുര്യാക്കോസ് അച്ചനായി ഷാജു പടയാട്ടിൽ ജീവിച്ചപ്പോൾ സ്വാതിതിരുനാൾ രാമവർമ്മയായി ജോയ് അഗസ്തിയും വേഷമിട്ടു. ഓണത്തിനെത്തിയവരിൽ ഭൂരിഭാഗം പേർക്കും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ചവിട്ടു നാടകം കാണാൻ കഴിഞ്ഞത്.

പ്രവർത്തന ശൈലിയിൽ എന്നും പുതുമ തേടുന്ന അസ്സോസിയേഷനാണ് ലിവർപൂൾ മലയാളി അസ്സോസിയേഷൻ. ജോയി അഗസ്തി പ്രസിഡൻ്റായിട്ടുള്ള ലിവർപൂൾ മലയാളി അസ്സോസിയേഷൻ്റെ സെക്രട്ടറി ബിനോയ് മാടൻ, ട്രസ്റ്റി ജോയ്മോൻ തോമസ്, പി ആർ ഒ എൽദോസ് സണ്ണിയുമാണ്.