രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുന്നത് തടയാൻ നടപ്പാക്കിയ ലോക്ക്ഡൗൺ സമ്പൂർണമാക്കുന്നതിനായി സംസ്ഥാനത്ത് ഇന്നു രാവിലെ മുതൽ വാഹന പരിശോധന കർശനമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

പല ജില്ലാ പോലീസ് മേധാവി മാരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് വേധാവി ലോക് നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്താറുണ്ട്.

അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് കടകൾ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തൽ, സൂക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്. ഇത്തരം ജോലികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

ഇത്തരം ജോലികൾ പലയിടത്തും പോലീസ് തടയുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം.അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.