ഡോ. ഷർമദ്‌ ഖാൻ

അടങ്ങിയൊതുങ്ങി ഇരിക്കുവാൻ ഒരിക്കലും സാധിക്കാത്ത കുട്ടികളെ ലോക്കിട്ടു പൂട്ടിക്കളഞ്ഞു കോവിഡ്. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അവർക്ക് കോവിഡ് കാരണം ഉണ്ടായതെന്ന് പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ആദ്യമൊക്കെ വളരെ രസകരമായി ലോക്ക്ഡൗൺ ആസ്വദിച്ച കുട്ടികൾ പിന്നീട് കുറേശ്ശെ ദുരിതത്തിലായി. ക്രമേണ ഇണക്കത്തേക്കാൾ കൂടുതൽ പിണക്കമായി മാറി. പിണക്കം മാറ്റാൻ ടിവി കാണലും, മൊബൈൽ നോക്കലും വർദ്ധിപ്പിക്കുകയായിരുന്നു രക്ഷകർത്താക്കൾ കുട്ടികളെ സന്തോഷിപ്പിക്കാനായി ആദ്യം ചെയ്തത്. സിനിമ കാണലും ഗെയിം കളികളുമായി ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാത്ത അവസ്ഥയായി പിന്നീടത് മാറി.

മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടാൽ അവ വീണ്ടെടുക്കുവാൻ അത്ര എളുപ്പമല്ലാത്തതിനാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിവേകത്തോടെ മനസ്സിലാക്കുകയും സ്നേഹത്തോടെ അത് കുട്ടികളെക്കൊണ്ട് അനുസരിപ്പിക്കുകയും വേണം. എവിടെയും പോകേണ്ടതില്ലെങ്കിലും രാവിലെ എഴുന്നേറ്റ് ശീലിച്ച സമയത്തുതന്നെ ഉറക്കമുണർന്ന് പ്രഭാത കർമ്മങ്ങൾ നടത്തണം. പല്ലുതേപ്പും കുളിയുമെല്ലാം ശ്രദ്ധയോടെ ശീലിച്ച സമയത്ത് തന്നെ ചെയ്യണം. പ്രഭാതഭക്ഷണത്തിന് വലിയ പ്രാധാന്യം നൽകണം. എപ്പോഴും ടിവിയിലും മൊബൈലിലും നോക്കിയിരിക്കാതെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുകയും അവയിൽ ഇടപെടുകയും വേണം. പുസ്തകങ്ങൾ വായിക്കണം. വീട്ടിലുള്ളവരുമായി സംസാരിക്കണം. ചോദ്യങ്ങൾ ചോദിക്കണം. വേണ്ടി വന്നാൽ തർക്കിക്കണം. വഴക്കുണ്ടാക്കേണ്ടതായും പിണങ്ങേണ്ടതായും വന്നാൽ അതും ചെയ്യണം.

ചെറിയതോതിലെങ്കിലും കൃഷിപ്പണികൾ ചെയ്യുകയും അവയെ വളർത്തുന്ന ഓരോ ഘട്ടങ്ങളിലും മുതിർന്നവർക്കൊപ്പം കൂടുകയും ചെയ്യണം. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ കാര്യങ്ങളും ശ്രദ്ധിക്കണം. അവർക്ക് ഭക്ഷണം കൊടുക്കുക, ചെടികൾക്ക് വെള്ളം കോരുക, അവ വളരുന്നത് നിരീക്ഷിക്കുക, അവയിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയവ മനസ്സിന് സന്തോഷത്തെ നൽകുന്നതാണ്.

തൂത്തും തുടച്ചും സൂക്ഷിക്കുന്ന അത്രയും പ്രാധാന്യമുണ്ട് വീട് വൃത്തികേടാക്കാതിരിക്കുന്നതിനും. അഥവാ മലിനപ്പെടുത്തിയാൽ പറ്റുന്നതുപോലെ വൃത്തിയാക്കുവാൻ ശ്രമിക്കുക തന്നെ വേണം. പ്രായത്തിനനുസരിച്ച് സ്വന്തം വസ്ത്രങ്ങൾ കഴുകുകയും അവ ഉണക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങളിൽ എത്രമാത്രം ശ്രദ്ധയുണ്ടെന്ന് മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടുത്തി കൊടുക്കുന്നതിലൂടെ അവരെ ഒരു പരിധിവരെ അത്ഭുതപ്പെടുത്തുവാനും സാധിക്കും. പാചകത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും അരിയുന്നതിന് മറ്റുള്ളവർക്കൊപ്പം ചേരണം.പറ്റുന്ന പോലെ പാചകവും പഠിക്കണം.ഇതിലൊന്നും ആൺപെൺ വ്യത്യാസമോ പ്രായമോ പരിഗണിക്കേണ്ടതില്ല. പകൽ സമയത്ത് ഉറങ്ങുകയോ, രാത്രി ഉറക്കം ഒഴിയുകയോ ചെയ്യുന്നത് നല്ലതല്ല. എന്ത് ചെയ്താലും ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കൂടി പ്രത്യേക ശ്രദ്ധ വേണം. കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രിയിൽ പോകുന്നതിനും പോയാൽതന്നെ വേഗത്തിൽ ചികിത്സ ലഭിക്കുന്നതിനും തടസ്സം നേരിടാൻ ഇടയുണ്ടെന്ന് അറിയാമല്ലോ?

മൊബൈലിൽ ഗെയിം കളിക്കുന്നതിനേക്കാൽ മറ്റുള്ളവർക്കൊപ്പം ചേർന്ന് ചെസ്സ്‌ ,ക്യാരംസ് തുടങ്ങിയവ കളിച്ചാൽ കൂടുതൽ മാനസികോല്ലാസം ലഭിക്കും.

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിക്കപ്പെടാനുള്ള അദ്ധ്വാനമൊന്നും ഇപ്പോൾ ഇല്ല എന്ന് അറിയാമല്ലോ? ആയതിനാൽ ഭക്ഷണം അമിതമാകാതിരിക്കുവാനും എന്നാൽ പോഷകപ്രദമായിരിക്കുവാനും ശ്രദ്ധിക്കണം. വീടിനുള്ളിലാണെങ്കിലും മാസ്ക് ധരിക്കണം. രണ്ട് മീറ്ററിനുള്ളിൽ ആരുമില്ലാത്തപ്പോൾ മാത്രമാണ് മാസ്ക് ഒഴിവാക്കാവുന്നത്. മാസ്ക് ഉപയോഗിക്കുന്നവർ ഇടയ്ക്കിടയ്ക്ക് മറ്റുള്ളവർ ഇല്ലാത്ത സ്ഥലങ്ങളിൽ ചെന്ന് ശുദ്ധവായു ശ്വസിക്കാനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. എവിടെയും തൊടാതിരിക്കണമെന്ന ഉപദേശവും തൊട്ടാൽ കൈകൾ സോപ്പിട്ട് കഴുകണമെന്നതും കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിനോദങ്ങളിൽ ഒന്നാണ് ക്വിസ് കോമ്പറ്റീഷൻ. എപ്രകാരമായാലും പുതിയ അറിവുകൾ ദിവസവും സ്വായത്തമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഷോർട്ട് ഫിലിം, വീഡിയോകൾ തുടങ്ങിയവ നിർമ്മിച്ച് തനിക്ക് എന്തൊക്കെ കഴിവുകളുണ്ടെന്ന് മനസ്സിലാക്കി അവരവരുടെ കോൺഫിഡൻസ് കൂട്ടുവാൻ ആവശ്യമായ സമയം ഇപ്പോൾ ലഭിക്കും.

കുട്ടികൾ കൊതുകു നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകണം. മറ്റ് പകർച്ചവ്യാധികളെ തടയുവാനും ഇത് അനിവാര്യമാണ്. പകർച്ചവ്യാധികൾ തടയുവാൻ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം. നല്ല ശീലങ്ങളും, ആരോഗ്യവും, നല്ല ഭക്ഷണശീലവും, വ്യക്തിശുചിത്വവും, പരിസരശുചിത്വവുമെല്ലാം രോഗ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കും. ഇവയ്ക്കെതിരെയുള്ളവ രോഗത്തെ ഉണ്ടാക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇവ ഒഴിവാക്കിയുള്ള ഒറ്റമൂലികൾ കൊണ്ട് സാധിക്കില്ല.

മഞ്ഞൾ, ഇഞ്ചി,തുളസി, ദഹനത്തെ സഹായിക്കുന്നവ, അലർജിയെ കുറയ്ക്കുന്നവ,കഫ രോഗങ്ങളെ ശമിപ്പിക്കുന്നവ, പോഷകമുള്ള ആഹാരം, കാലാവസ്ഥയ്ക്കനുസരിച്ച ഭക്ഷണം എന്നിവയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അനിവാര്യമാണ്.

ശരിയായ ഉറക്കവും, ഉറക്കമെഴുന്നേൽക്കലും, സമയത്തുള്ള ഭക്ഷണവും, ആവശ്യത്തിന് വിശ്രമവും, എല്ലാ കാര്യങ്ങളിലും മിതത്വവും, ഹിതമായവയെ മാത്രം ശീലിക്കലുമെല്ലാം നമ്മളിൽ ഒരു ആരോഗ്യകരമായ ബയോളജിക്കൽ ക്ലോക്ക് രൂപംകൊള്ളാൻ ഇടയാകുന്നു. ഇപ്രകാരം രൂപംകൊള്ളുന്ന ബയോളജിക്കൽ ക്ലോക്കിനെ തകിടം മറിക്കുവാൻ ലോക് ഡൗൺ കാലത്തെ അശ്രദ്ധകൾ കാരണമാകരുത്. ആരോഗ്യമെന്നത് വെറുതെ വന്നു ചേരുന്ന ഒന്നല്ല. വളരെ ശ്രദ്ധയോടെയും കരുതലോടെയും സംരക്ഷിക്കപ്പെടേണ്ടതാണ് ആരോഗ്യം.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .