ഈ ജൻമം ദൈവം തരുന്ന അമൂല്യമായ വരദാനം ആണ്. നിസാര പ്രശ്നങ്ങളുടെ പേരിൽ ആ വിളക്കിലെ തിരി സ്വയം തല്ലിക്കെടുത്തരുത്. പ്രതിസന്ധികൾ ചെറുതോ വലുതോ ആകട്ടെ, ധീരമായി നേരിടുക, മറികടക്കുക. ദൗർഭാഗ്യവശാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. റെയിൽ പാളത്തിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങളുെട എണ്ണം കൂടി വരുന്നു. ലോക്കോ പൈലറ്റായ അബ്ദുൾ റാസിക് കുളങ്ങര പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് റാസിക് അനുഭവം പങ്കുവച്ചിരിക്കുന്നത്

വേൾഡ് മലയാളി സർക്കിൾ പങ്കുവച്ച കുറിപ്പ് വായിക്കാം;

ലോകോ പൈലറ്റാണ്, നമ്മുടെ കോഴിക്കോടാണ്, വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ്, തച്ചോളി ഒതേനൻ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ്, എന്നോടൊപ്പം എന്റെ ചില ഓർമ്മകളേയും പരിചയപ്പെടുത്തട്ടെ. ജീവന്റെ വിലയുള്ള യാത്ര. നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നാലോചിക്കുമ്പോൾ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാൽബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയാറെടുപ്പിനായി കുളിച്ച് യൂണിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയിൽ കയറി.

ബാംഗ്ലൂരിന്റെ മഞ്ഞും മലകളും കടന്ന് ജോലാർപേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയിൽവെ സ്റ്റേഷനിൽ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസർ കൂടി കാബിനിൽ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനിൽ കൂടി കടന്ന് പോയപ്പോൾ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ൽ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വർക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത്

വർക്ക് സ്പോട്ടും കടന്ന് വണ്ടി അതിന്റെ വേഗത വർദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്പോൾ അങ്ങ് ദൂരെ ഒരു നിഴൽ പോലെ ഒരാൾ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങൾ ഏതായാലും പതിവ് പോലെ ഹോൺ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി നടന്ന് വരുന്ന ആൾ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയിൽവേ ഗേറ്റിൽ നിന്നും ഒരാൾ കൊടിയും പിടിച്ച് ഓടുന്നതും കാണാം. ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പോഴേക്കും മനസ്സിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പന്തികേട് മനസ്സിലായപ്പോൾ എമർജൻസി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു. വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു. വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസർ കാണാതിരിക്കാൻ മുഖം തിരിച്ച് ഭിത്തിയിലമർത്തി നിന്നു

മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങൾ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവൾ അവളുടെ കയ്യിൽ സാരിയാൽ പൊതിഞ്ഞ് മറച്ച് വച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു ചോര കുഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വയ്ക്കുകയാണ്. ദൈവത്തിന്റെ ഉൾവിളിയോ എന്തോ അവൾ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവൾ നിൽക്കുന്ന ഇടം കടന്ന് പോവാതെ നിൽക്കും എന്ന് മനസ്സിൽ തോന്നിയ അവൾ കുഞ്ഞിനെ ട്രാക്കിൽ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാർത്ഥത്തിൽ അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ.

അവൾ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റർ കടന്നാണ് വണ്ടി നിന്നത്. എഞ്ചിനിടയിൽ നിന്നും കോച്ചിനടിയിൽ നിന്നും രണ്ട് ശവശരീരങ്ങൾ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സിൽ കടന്നുവന്ന ഞാൻ അവർ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീർപ്പിട്ടു. വണ്ടി നിന്നപ്പോൾ മുഖം ഉയർത്തി ഓഫീസർ ചോദിച്ചു,’എന്തായി?’ തല്കാലം രക്ഷപ്പെട്ടു സർ ഇതായിരുന്നു എന്റെ മറുപടി. പിറകെ ഓടി വന്ന ഗേറ്റ് കീപ്പർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു

അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി അവൾ രാവിലെ മുതൽ സാഹചര്യം ഒത്ത് വന്നാൽ മരിക്കാനായി നിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു മരണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തിൽ ജോലി തുടരേണ്ടത് തന്നെ. അവളും കുഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും ഏകദേശം 15 വർഷങ്ങൾക്ക് മുൻപേയുള്ള ചില ഓർമ്മകൾ മരിക്കാതെ കിടക്കുന്നു