പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നതില്‍ ഉപരി വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ വാരാണാസിയില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന ബിജെപിക്ക് മറുപടി നല്‍കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

യുപിയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പക്ഷേ ചില സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യവുമായി ധാരണയുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഉള്ള പോലെ ഈ പിന്തുണ വാരാണാസിയിലും നേടുന്നതിനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിലെ നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് വാരാണാസി ഇക്കുറി സാക്ഷ്യം വഹിക്കും.

ഇതിനകം തന്നെ യുപിയില്‍ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് പ്രിയങ്ക നേടിയിരിക്കുന്നത്. 5,81,122 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരാണാസിയില്‍ നിന്നും മോദിക്ക് ലഭിച്ചില്ല. രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം. മഹാസഖ്യത്തിനായി പ്രതിപക്ഷത്തിന്റെ ഒരു എതിരാളി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് ഭിന്നിക്കുന്നത് തടയാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അട്ടിമറി വിജയത്തിന് പോലും ഇത് കാരണമായി മാറുന്നതിനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇതോടെ പ്രിയങ്ക മത്സരിച്ചാല്‍ മോദി വേറെ മണ്ഡലത്തിലും ജനവിധി തേടുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇതിനുള്ള ചര്‍ച്ച ബിജെപിയില്‍ പുരോഗമിക്കുകയാണ്.