തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റെ എംഎല്‍എയെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് എം.എം.ഹസനാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. കുറ്റവിമുക്തനാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. വീട്ടമ്മയുടെ പരാതിക്കൊപ്പം ഗൂഢാലോചന അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വീട്ടമ്മയുടെ മൊഴി സ്വാധീനത്താലുള്ളതാണെന്ന് സംശയിക്കുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാജിയേക്കുറിച്ച് ആലോചിക്കാം. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നതെന്നും ഹസന്‍ വ്യക്തമാക്കി.

അതേസമയം അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിന്‍സെന്റിന്റെ ഭാര്യ ശുഭ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു എംഎല്‍എക്കും സിപിഎം പ്രാദേശിക നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു. ഗൂഢാലോചനയേക്കുറിച്ച് ഡിജിപിത്ത് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. താനും കുടുംബവും വിന്‍സന്റിനൊപ്പം ഉറച്ചു നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി.