മാഡത്തെക്കുറിച്ചു പിന്നീടു പറയാമെന്നും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പള്‍സര്‍ സുനി. എഴുതിയത് എല്ലാവര്‍ക്കും നല്‍കുമെന്നും വിയ്യൂര്‍ ജയിലിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയാണു പള്‍സര്‍ സുനി.
കാക്കനാട് ജയിലില്‍ ക്രൂര പീഡനമായിരുന്നെന്നു സുനിക്കൊപ്പം വന്ന തടവുകാരന്‍ പറഞ്ഞു. കാക്കനാട് ജയിലില്‍നിന്നു സുനിയടക്കം ഒമ്പതു തടവുകാരെയാണു വെള്ളിയാഴ്ച വിയ്യൂര്‍ ജില്ലാ ജയിലിലേക്കു മാറ്റിയത്. സെന്‍ട്രല്‍ ജയിലില്‍ സൗകര്യമില്ലാത്തതുകൊണ്ട് ജില്ലാ ജയിലിലേക്കാണു കൊണ്ടുപോയത്. സുനിയെ പ്രത്യേക പോലീസ് വാഹനത്തില്‍ കനത്ത സുരക്ഷയിലാണെത്തിച്ചത്.
മറ്റുള്ള എട്ടുപേരെ വലിയ പോലീസ് വാഹനത്തിലാണ് കാക്കനാടുനിന്ന് വിയ്യൂരിലേക്ക് എത്തിച്ചത്. വിയ്യൂര്‍ ജയിലിലെത്തിയ സുനിയും സഹതടവുകാരും ജയില്‍ കാന്റീനില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണു പോയത്. വിലകൂടിയ ചെരുപ്പും ഒരു ജോഡി ഷൂസും രണ്ടുബക്കറ്റും പുതപ്പും വസ്ത്രവുമായാണ് സുനി വിയ്യൂരിലെത്തിയത്.
എറണാകുളം സിജെഎം കോടതിയില്‍ എത്തിച്ചപ്പോള്‍ അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ കേസിലെ മാഡം ആരാണെന്ന് പറയാമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ നീക്കത്തിന് തടസമിട്ടു. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ കാക്കനാട്ടെ സബ്ജയിലിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.
പള്‍സര്‍ സുനി നിരന്തരം വെളിപ്പെടുത്തല്‍ നടത്തി ആശയക്കുഴപ്പമുണ്ടാക്കുന്നതു ദിലീപിന്റെ ജാമ്യം സുഗമമാക്കാനാണെന്നും സൂചനയുണ്ട്. സുനിയുടെ മൊഴികള്‍ വിശ്വസിനീയമല്ലെന്നും ഇതേ രീതിയില്‍ തന്നെ നേരത്തേ പുറത്തുവിട്ട കത്തും കണ്ടാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ വാദിക്കാനിടയുണ്ട്. ഇതോടൊപ്പമാണു മര്‍ദനമേറ്റെന്ന വെളിപ്പെടുത്തലും വരുന്നത്. ഇക്കുറി ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബാംഗങ്ങളും. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഓണത്തിനുശേഷമാകും പുതിയ ഹര്‍ജി നല്‍കുക. അപ്പോഴേക്കും െഹെക്കോടതി ബെഞ്ചുകളില്‍ മാറ്റമുണ്ടാകാനുമിടയുണ്ട്.
Leave a Reply