ഷെറിൻ പി യോഹന്നാൻ

വിവാഹം കഴിഞ്ഞ ശേഷം കാടിനുള്ളിലുള്ള മാടത്തി കോവിലിൽ പോകുന്ന ദമ്പതികളിലൂടെയാണ് ‘മാടത്തി’ കഥ പറഞ്ഞാരംഭിക്കുന്നത്. വഴിയിൽ വച്ച് ഭാര്യയ്ക്ക് ആർത്തവം ഉണ്ടാകുന്നതോടെ മാറാനൊരു തുണി തേടി ഭർത്താവ് അവിടെ കാണുന്ന കുടിലിനുള്ളിലേക്ക് കയറുന്നു. ഏറെ നേരമായിട്ടും തിരികെ വരാത്ത ഭർത്താവിനെ തേടി കുടിലിനുള്ളിലേക്ക് കയറുന്ന ഭാര്യ പലതരം ചിത്രങ്ങൾ വരച്ച് അവിടെ തൂക്കിയിട്ടിരിക്കുന്നതായി കാണുന്നു. കുടിലിനുള്ളിലുള്ള കുട്ടി അവളെ ആ ചിത്രങ്ങൾക്കുള്ളിലൂടെ ഒരു ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ഒരു യക്ഷിക്കഥയെന്ന രീതിയിൽ കഥപറഞ്ഞു തുടങ്ങുന്ന ‘മാടത്തി’ പതിയെ യാഥാർഥ്യത്തിലേയ്ക്കും പ്രതിരോധത്തിലേയ്ക്കും തിരിച്ചടികളിലേയ്ക്കും വഴിമാറി സഞ്ചരിക്കുന്നുണ്ട്. തിരുനൽവേലിക്ക് സമീപം കഴിയുന്ന പുതിരൈ വണ്ണാര്‍ സമുദായത്തിന്റെ ജീവിതമാണ് ലീന മണിമേഖല സ്‌ക്രീനിൽ നിറയ്ക്കുന്നത്. ദളിതരിൽ ദളിതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ. മേൽജാതിക്കാരുടെ മുമ്പിൽ നിൽക്കാൻ കഴിയില്ല, പകൽവെളിച്ചത്തിൽ വഴിനടക്കാൻ കഴിയില്ല. മേൽജാതിക്കാരുടെ കാൽപെരുമാറ്റം കേട്ടാൽ ഓടിയൊളിച്ചോണം. ഈയൊരു സാഹചര്യത്തിലാണ് പന്നീറും വേണിയും യോസനയെ വളർത്തികൊണ്ട് വരുന്നത്. ഗ്രാമത്തിൽ നിന്നകലെ ഒളിച്ചു പാർക്കുകയാണെന്ന് പറയാം. ശവം പൊതിഞ്ഞ തുണിയും മേൽജാതിക്കാരുടെ ആർത്തവതുണിയും കഴുകിയാണ് അവർ ജീവിക്കുന്നത്.

ആകുലതകൾ നിറഞ്ഞ ജീവിതമാണ് വേണിയുടേത്. മകളെ സംരക്ഷിച്ചു നിർത്തണം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിൽക്കുന്ന സമൂഹത്തിൽ നിന്ന് യോസനയെ മറച്ചുപിടിക്കേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ തിടുക്കം കാട്ടുന്ന യോസനയാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. അരുവിയിൽ മുങ്ങി നിവരുന്നു, മീൻകുഞ്ഞുങ്ങളെ കയ്യിൽ കോരിയെടുക്കുന്നു, പാറക്കെട്ടുകളുടെ ദൃഢതയിലും കാടിന്റെ വന്യതയിലും അവൾ തന്നെതന്നെ പ്രതിഷ്ഠിക്കുന്നു. അരുവിയിൽ നീന്തിതുടിക്കുന്ന ആണിന്റെ നഗ്നശരീരം അവൾ ആസ്വദിക്കുന്ന രംഗം, ജാതി – ലിംഗ വ്യവസ്ഥയിൽ സ്വാതന്ത്ര്യം നഷ്ടപെട്ട ഒരു പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗം ആവുന്നുണ്ട്. ആണിടങ്ങളിൽ മാത്രം നിറയുന്ന ചില ഒളിച്ചുനോട്ടങ്ങളെ കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്.

ജാതീയതയെ പച്ചയായി ആവിഷ്കരിക്കുമ്പോൾ തന്നെ പെണ്ണിന് ഇടം നിഷേധിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്കും ക്യാമറ തിരിച്ചുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ്‌ രംഗങ്ങളിൽ ആ കാഴ്ച കൂടുതൽ തീവ്രമാകുന്നുണ്ട്, കാഴ്ചക്കാരനെ ഭയപ്പെടുത്തുന്നുണ്ട്. പെണ്ണായി പിറന്നപ്പോൾ തന്നെ നിന്നെ കൊല്ലണമെന്ന് പലരും പറഞ്ഞിരുന്നതായി മകളോട് വേണി വെളിപ്പെടുത്തുന്നു. കാമത്തിന് മാത്രം ജാതീയത ഇല്ലെന്നിരിക്കെ ലൈംഗികപരമായി തന്നെ ചൂഷണം ചെയ്ത ഉപരിവർഗ സമൂഹത്തെ വേണി ചീത്ത പറയുന്നത് അവരുടെ തുണി കല്ലിൽ ആഞ്ഞടിച്ചുകൊണ്ടാണ്. അവരുടെ ആർത്തവ തുണികൾ വേണി ചവിട്ടി കഴുകുമ്പോൾ പുഴയിലേക്ക് പടരുന്നത് പാപക്കറയാണ്.

സ്വാതന്ത്ര്യം തേടിയിറങ്ങുന്ന യോസനയെ കാത്തിരുന്നത് പാറക്കെട്ടിനുള്ളിലെ അരണ്ട വെളിച്ചത്തിൽ മാറിമാറി വന്ന പുരുഷ ലിംഗങ്ങളായിരുന്നു. യോസനയിൽ നിന്നും മാടത്തിയെന്ന ദൈവത്തിലേക്കുള്ള സഞ്ചാരമാണ് പിന്നീട് സിനിമ അടയാളപ്പെടുത്തുന്നത്. ജാതി-ലിംഗ വിവേചനങ്ങൾ സൃഷ്ടിക്കുന്ന അന്ധത കഥാന്ത്യത്തിൽ സ്ക്രീനിലാകെ നിറയുന്നു. ഇതൊരു യാഥാർഥ്യമാണ്. ഇന്നിന്റെ സാമൂഹിക സാഹചര്യങ്ങളോട് ചേർത്തുനിർത്തി വായിക്കാവുന്ന ചലച്ചിത്രം. ശക്തമായ തിരക്കഥയിലൂടെയും ഗംഭീര പ്രകടനങ്ങളിലൂടെയും സിനിമ സംസാരിക്കുന്ന വിഷയം തീവ്രമാകുന്നുണ്ട്. വസ്ത്രാലങ്കാരവും എഡിറ്റിങ്ങും ഛായാഗ്രഹണവും അവതരണത്തെ കൂടുതൽ സുന്ദരമാക്കുന്നു. തുറന്നു പറച്ചിലിലൂടെയും തുറന്നവതരണത്തിലൂടെയും സിനിമ സ്വന്തമാക്കുന്ന സൗന്ദര്യത്തിന് മറ്റൊരുദാഹരണം – മാടത്തി