പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തും. ബിജെപിക്കെതിരായ മഹാഗഡ്ബന്ധന്റെ ആദ്യ പരീക്ഷണശാലയാണ് ഈ മണ്ഡലങ്ങൾ. ജാതി വോട്ടുകളിലാണ് എല്ലാ പാർട്ടികളുടെയും കണ്ണ്.

2014ലെ മോദി പ്രഭാവത്തിൽ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുന്നത്. കാർഷിക വ്യാവസായിക മേഖലകൾ ഏറെയുള്ള പടിഞ്ഞാറൻ യുപിയിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല ബിജെപിക്ക്. വിലത്തകർച്ചയും നോട്ടു നിരോധനമുണ്ടാക്കിയ തിരിച്ചടിയും മോദി പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു. എസ്പി ബിഎസ്പി ആർ എൽ ഡി മഹാസഖ്യം വൻ വെല്ലുവിളിയാണ് പാർട്ടിക്ക്. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന ജാട്ട് വോട്ടുകളിൽ നല്ല ശതമാനം മഹാ സഖ്യം കൊണ്ടു പോയേക്കും . മുസ്ലിം, ദളിത് വോട്ടുകളും അഖിലേഷ് മായാവതി സഖ്യം പിടിക്കും. പക്ഷേ സവർണവോട്ടുകൾ ഇത്തവണയും ബിജെപിക്ക് തന്നെ.

കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കി സവർണവോട്ട് ബാങ്കിൽ ഭിന്നിപ്പുണ്ടാക്കാനാണ് പാർട്ടി ശ്രമിച്ചത്. മുസാഫർനഗർ, ഭാഗ്പത്, കൈരാന ,സഹരൻപൂർ, ഗാസിയാബാദ്, മീററ്റ്, ബിൻ ജോർ, ഗൗതം ബുദ്ധനഗർ എന്നീ മണ്ഡലങ്ങളാണ് വ്യാഴാഴ്ച ബൂത്തിലെത്തുക.