ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ജനാധിപത്യത്തി​ന്റെ ശക്തി എന്താണ് ? സൈന്യവും ആയുധവുമല്ല, ജനങ്ങളുടെ വിശ്വാസമാണ്. ഉമ്മൻ ചാണ്ടിയുടെ ഈ വാക്കുകൾ ഏതെങ്കിലുമൊരു രാഷ്ട്രീയക്കാര​ന്റെ പ്രസം​ഗത്തിലെയോ അഭിമുഖത്തിലെയോ വാക്യങ്ങളായി കാണാൻ കഴിയുകയില്ല. കാരണം ഒരാളായിരുന്നില്ല, ആൾക്കൂട്ടമായിരുന്നു.. അവരുടെ വിശ്വാസവും നിശ്വാസവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന സാധാരണക്കാരൻ. ആർക്കും അനായാസം അനുകരിക്കാനാകാത്തൊരു രാഷ്ട്രീയ ശൈലിയുടെ വഴിയെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ യാത്ര.

1943 ഒക്ടോബർ 31 -ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

ത​ന്റെ 27-ാം വയസിൽ, 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം. കാലം 2022 ൽ എത്തിയപ്പോൾ കൂടുതൽ നാൾ (52 വർഷം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവായി ഉമ്മൻ ചാണ്ടി. രണ്ടു തവണ മുഖ്യമന്ത്രി, ഒരു തവണ പ്രതിപക്ഷനേതാവ്. 2004 -ൽ എ കെ ആ​ന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. 2011 -ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്.

പ്രീഡിഗ്രി വിദ്യാഭ്യാസത്തിൽ ഫീസ് ഇളവ് നൽകിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നാരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.

2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു. ജനക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കൂടെ നിൽക്കുന്നവരും അവരുടെ നിലപാടും അന്നും ഇന്നും ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചുവെന്ന് നമുക്ക് വിശ്വസിക്കേണ്ട, മറ്റാരുടെയോ, നെഞ്ചിടറുന്ന ഏതെങ്കിലുമൊരു മനുഷ്യ​ന്റെ പ്രശ്നം തീർപ്പാക്കാൻ അദ്ദേഹം പോയിരിക്കുകയാണെന്ന് കരുതാം. തേച്ചുമിനുക്കാത്ത വെള്ള ഷർട്ടുമിട്ട്, ചീകിയൊതുക്കാത്ത മുടിയുമായി കൈയിലൊരു പേനയുമേന്തി സഹജീവിയുടെ സങ്കടങ്ങൾക്ക് കാതോർക്കുകയാണയാൾ. കാലം സാക്ഷിയാകുന്ന ഓർമ്മകൾക്കു മുന്നിൽ മലയാളം യുകെ ന്യൂസ് കുടുംബത്തി​ന്റെ ആദരാഞ്ജലികൾ