ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ല (40) അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം റിപ്പോർട്ടു ചെയ്തതോടെ, റാഷിദിനൊപ്പം ഐഎസ് കേന്ദ്രത്തിലായിരുന്ന ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ആശങ്ക.

ഈ മേഖലയിൽ ആദ്യമായി ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദിനൊപ്പം 3 വർഷം മുൻപാണ് ഭാര്യയും കുട്ടിയും വീട് വിട്ടിറങ്ങിയത്. എറണാകുളം സ്വദേശിനിയായ സോണിയ സെബാസ്റ്റ്യനെ റാഷിദ് പ്രണയിക്കുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു. റാഷിദ് പഠിച്ചതും വളർന്നതും ഒമാനിലാണ്. എൻജിനീയറിങ് പഠനത്തിനു കോട്ടയം പാലായിൽ എത്തിയപ്പോഴാണ് സോണിയ സെബാസ്റ്റ്യനുമായി റാഷിദ് പരിചയത്തിലാകുന്നത്.

പഠനം പൂർത്തിയാക്കിയ ശേഷം റാഷിദ് തിരികെ വിദേശത്ത് ജോലി തേടിപ്പോയി. സോണിയ ബെംഗളൂരുവിൽ എംബിഎ പഠനത്തിലുമായി. പിന്നീട് സോണിയ ഇസ്‌ലാം മതം സ്വീകരിച്ച് ആയിഷയായി. തുടർന്നു റാഷിദ് നിക്കാഹ് ചെയ്തു. ബിഹാർ സ്വദേശിനിയായ യാസ്മിൻ അഹമ്മദും റാഷിദിന്റെ ഭാര്യയാണെന്നു പറയുന്നുണ്ട്.

റാഷിദ് കൊല്ലപ്പെട്ടുവെന്ന വാർത്ത വീട്ടുകാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഭാര്യക്കും കുട്ടിക്കും എന്തു സംഭവിച്ചുവെന്നു പറയാനും കഴിയുന്നില്ല. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു റാഷിദ് ഐഎസ് കേന്ദ്രത്തിലേക്കു നയിച്ച മറ്റുള്ളവരുടെയും സ്ഥിതി വ്യത്യസ്തമല്ല. ശ്രീലങ്കയിലും യമനിലും ഒടുവിൽ അഫ്ഗാനിസ്ഥാനിലും എത്തിയവരിൽ പാലക്കാടും ഇവിടെ നിന്നുമായി 6 കുടുബങ്ങളുണ്ട്. പടന്നയിലെ ഡോക്ടർമാരായ ദമ്പതികൾ ഉൾപ്പെടെയാണിത്.