കേംബ്രിഡ്ജ്: യുകെയില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് നിയമങ്ങള്‍ പാലിക്കപ്പെടുന്ന കാര്യത്തില്‍ ഇവിടെയുള്ളവര്‍ വളരെ കണിശത ഉള്ളവരാണ് എന്നത്. ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് വളരെയധികം വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിയമങ്ങളും പോളിസികളും ഓരോ സ്ഥാപനങ്ങള്‍ക്കും ഉണ്ട് താനും. ഇത് ലംഘിക്കപ്പെടുന്നത് ഇവിടെ വളരെ ഗുരുതരമായ തെറ്റ് ആണ് താനും.
യുകെയില്‍ മലയാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്നത് എന്‍എച്ച്എസില്‍ ആണ്. സ്വകാര്യതാ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു സ്ഥാപനമാണ് എന്‍എച്ച്എസ്. 1998 ലെ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്റ്റ് അനുസരിച്ചിട്ടുള്ള നിയമ നിര്‍മ്മാണം ആണ് എന്‍എച്ച്എസ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഈ നിയമം അനുസരിച്ച് ജോലിയുടെ ഭാഗമായി തങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു കാരണവശാലും ഇവിടുത്തെ ജീവനക്കാര്‍ മറ്റാളുകളോട് വെളിപ്പെടുത്തുവാന്‍ പാടുള്ളതല്ല.
രോഗിയുടെ പേര് വിവരങ്ങള്‍, ജനന തീയതി, രോഗാവസ്ഥ തുടങ്ങിയ പല വിവരങ്ങളും കൈകാര്യം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ ഇക്കാര്യങ്ങള്‍ എല്ലാം സ്വകാര്യമായി സൂക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ആണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തരുത് എന്നത് പോലെ തന്നെ പ്രധാനമാണ് ജോലിയുടെ ഭാഗമായി തങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ അല്ലാതെയുള്ള കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കാതിരിക്കുക എന്നത്. എന്നാല്‍ മലയാളികള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വളരെയധികം അലംഭാവം കാണിക്കാറുണ്ട്.
ഇതിന്‍റെ ഭവിഷ്യത്തുകള്‍ അറിയാതെ അല്ലെങ്കില്‍ അവഗണിച്ച് ജോലി സംബന്ധമായ കാര്യങ്ങളില്‍ പെരുമാറിയാല്‍ എന്ത് സംഭവിക്കും എന്നതിന്‍റെ ഉദാഹരണമാണ് കേംബ്രിഡ്ജ് ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത മൂന്ന്‍ മലയാളി നഴ്സുമാരുടെ അനുഭവം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന്‍ കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു മലയാളി യുവതി മരണവുമായി മല്ലിട്ട് ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റല്‍ റിക്കാര്‍ഡുകള്‍ അനാവശ്യമായി പരിശോധിച്ചതിന് മൂന്ന്‍ മലയാളി നഴ്സുമാര്‍ ഇപ്പോള്‍ അച്ചടക്ക നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്.
ജോലി സംബന്ധമായ ഇത്തരം വിവരങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് പോലും തെറ്റാണ് എന്നിരിക്കെ ഇവര്‍ ഈ രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ അനാവശ്യമായി പരിശോധിക്കുകയും രോഗിയുമായി ബന്ധമില്ലാത്ത ആളുകള്‍ക്ക് വിവരം കൈമാറുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണം ആണ് ഇവര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ കേസില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടത് മൂന്ന് മലയാളി നാഴ്സുമാരാണ്. അവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് വിടാതെ ഇത് സംബന്ധിച്ച് ഞങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ഇത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് ആകട്ടെ എന്ന്‍ കരുതിയാണ്.
നിയമങ്ങളെ അവഗണിച്ച് മുന്നോട്ട് പോയാല്‍ ഇവിടെ ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല കടുത്ത ശിക്ഷാ നടപടികളും നേരിടേണ്ടി വരും എന്നത് ഉറപ്പായ കാര്യമാണ്. അത് കൊണ്ട് ജോലി സ്ഥലത്തെ സ്വകാര്യത പാലിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന പാഠം ആണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്