ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റിയുടെ മോഡലിംഗ് വർക്കുകൾ പ്രകാരം, ഡോക്ടർമാരുടെ സമരം അവസാനിച്ചാലും വരാൻ പോകുന്ന വേനൽക്കാലത്തോടെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകളിലെ രോഗികളുടെ എണ്ണം എട്ട് ദശലക്ഷത്തിന് മുകളിൽ എത്തും. എൻഎച്ച്എസിലുള്ള ജീവനക്കാരുടെ അഭാവവും ഫണ്ടിംഗ് കുറവുമാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വേതന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഎച്ച്എസ് ജീവനക്കാരുടെ സമരങ്ങൾ മൂലം ഒരു ദശലക്ഷത്തിലധികം നിയമനങ്ങളും നടപടിക്രമങ്ങളും പുനഃക്രമീകരിക്കേണ്ടി വന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുകൊണ്ട് നേഴ്‌സുമാരും ഡോക്ടർമാരും നടത്തിയ വോക്ക് ഔട്ടും ഇതിൽ പങ്കു വഹിക്കുന്നുണ്ട്. രോഗികൾക്കും ക്ലെയിമുകൾക്കും ഉള്ള വെയ്റ്റിംഗ് ലിസ്റ്റിന് എന്താണ് നടക്കുന്നത് എന്ന് മനസിലാക്കുന്നതിൻെറ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജീവനക്കാരുടെ പണിമുടക്കും മറ്റും തുടർന്നാൽ ആശുപത്രി പ്രവർത്തനത്തിലെ വളർച്ച നിലവിലുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞാൽ 2024 അവസാനത്തോടെ വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം 8.4 ദശലക്ഷത്തിലെത്തുമെന്നാണ് നിഗമനം.

ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റിയുടെ റിപ്പോർട്ടിൽ ലിസ്റ്റിൽ ഉള്ള രോഗികളുടെ എണ്ണം കുറയ്ക്കുന്നതിൻെറ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ട് നടപടികൾ സ്വീകരിച്ചതായി പറയുന്നു. ചികിത്സയ്ക്കുള്ള പ്രതിമാസ റഫറലുകൾ പകർച്ചവ്യാധിയുടെ മുൻപുള്ള സ്ഥിതിയിലേക്ക് എത്താൻ തുടങ്ങിയിരിക്കുകയാണ്. ഇത് ഒരു ശുഭ സൂചനയാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ വെയ്റ്റിംഗ് ലിസ്റ്റ് ഇപ്പോഴും ഉയർന്ന് തന്നെയാണിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ ക്യാൻസർ രോഗ ബാധിതരും അത്യാവശ്യ ശസ്ത്രക്രിയ ആവശ്യമായവരും ഉൾപ്പെടുന്നു.