വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് തരപ്പെടുത്തിയ വിദ്യര്‍ഥിവിസയില്‍ യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് അറസ്റ്റിലായത്. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളുപയോഗിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥി വിസ തരപ്പെടുത്തിയത്.

കഴിഞ്ഞദിവസം യു.കെ.യിലേക്കു പോകാന്‍ ബ്രിട്ടീഷ് എയര്‍വെയ്സിലാണ് സോജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എമിഗ്രേഷന്‍ പരിശോധനകള്‍ക്കായി 18-ാം നമ്പര്‍ കൗണ്ടറിലെത്തിയ യുവാവിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതേത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വ്യാജ സര്‍ട്ടഫിക്കറ്റുകളുപയോഗിച്ചാണ് വിസ തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിചെയ്യുന്ന ഡെന്നി എന്ന ആള്‍വഴി പരിചയപ്പെട്ട ബെംഗളൂരുവിലെ അനുരാഗാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ തരപ്പെടുത്തിത്തന്നതെന്ന് യുവാവ് മൊഴി നല്‍കി.

ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളും എന്‍.വി. ഡിഗ്രി കോളേജിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും 65,000 രൂപയ്ക്കാണ് യുവാവിന് ലഭിച്ചത്. തുടര്‍ന്ന് യു.കെ.യിലേക്കുള്ള വിദ്യാര്‍ഥി വിസയുള്‍പ്പെടെയുള്ള രേഖകള്‍ ഡെന്നിയാണ് തരപ്പെടുത്തിയത്. ഇതിനായി ഒമ്പത് ലക്ഷം രൂപ നല്‍കിയതായും യുവാവ് പറഞ്ഞു. ഡെന്നി, അനുരാഗ് എന്നിവരെ രണ്ടും മൂന്നും പ്രതികളായിട്ടാണ് കേസെടുത്തത്.