ബിന്ദു തെക്കേത്തൊടി

ലണ്ടൻ: ആംബുലൻസിന് കടന്നുപോകാൻ വഴിമാറി കൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കിയതിൽ പ്രതിഷേധം പങ്കുവെച്ച് ജെയിംസ് ഷെറിഡൻ-വിഗോർ . ആംബുലൻസിന് കടന്നുപോകാനായി ബസ് ലൈനിലേക്ക് കാർ കയറ്റി നിർത്തി എന്നതാണ് ജെയിംസിനെതിരെ പിഴ ചുമത്താനുണ്ടായ കുറ്റം.

വാൽതം സ്റ്റോവിലെ വിപ്പ്സ് ക്രോസ്റോഡിലൂടെ വാഹനമോടിക്കുമ്പോഴായിരുന്നു ജയിംസിന് ഈ ദുരനുഭവം ഉണ്ടായത്.ഇക്കഴിഞ്ഞ സപ്തംബർ പത്തൊമ്പതിനായിരുന്നു സംഭവം നടന്നത്. രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാനായി മുന്നിലുള്ള ബസ്പാതയിലേക്ക് ജയിംസ് കാർ കയറ്റി നിർത്തുകയായിരുന്നു.

എന്തു കാരണം കൊണ്ടായാലും ബസ് ലൈനിൽ കാർ കയറ്റിയതിന് 130 പൌണ്ട് പിഴ അടയ്ക്കണം എന്നായിരുന്നു കൗൺസിൽ തീരുമാനം. പിഴ ഈടാക്കിയ സംഭവം ജെയിംസ് തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ഒരാളുടെ ജീവൻ രക്ഷിക്കാനായി വഴിമാറുക മാത്രമാണ് താൻ ചെയ്തതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ അല്ല താൻ ബസ് ലൈനിൽ കയറിയതെന്നും ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും തനിക്ക് കൌൺസിൽ പിഴ വിധിക്കുകയായിരുന്നു.

‘അടിയന്തര ഘട്ടങ്ങളിൽ ബസ് ലൈനുകൾക്ക് മുകളിലൂടെ ആംബുലൻസുകൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. ആംബുലൻസ് വരുന്നു എന്ന കാരണത്താൽ ബസ് ലൈനിലേക്ക് കാർ കയറ്റിയതു വഴി ആംബുലൻസിൻറെ തന്നെ വഴി തടയുകയാണ് ജെയിംസ് ചെയ്തതെന്നാണ് കൌൺസിലിൻറെ മറുപടി.

തൻറെ മുന്നിൽ ബസ് ലൈനിൽ ഒരു ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ബസ് ലൈനിലൂടെ ആ സമയത്ത് സഞ്ചരിക്കാൻ ആംബുലൻസിന് കഴിയില്ലായിരുന്നുവെന്നും ജെയിംസ് മറുപടി നൽകി. താൻ വഴിമാറിയില്ലായിരുന്നുവെങ്കിൽ മുന്നിൽ ബസ് കിടക്കുന്നത് കാരണം ആംബുലൻസിന് സഞ്ചാരം തടസ്സപ്പെടുമായിരുന്നു. ബസ് ലൈനിൽ നിർത്തിയിട്ട ബസിന് മുകളിലൂടെ ആംബുലൻസ് പറക്കുമായിരുന്നോ എന്ന ചോദ്യവും ജെയിംസ് ഉന്നയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ സംഭവം പങ്കുവെച്ചതോടുകൂടി ആയിരക്കണക്കിന് ആളുകളാണ് ജെയിംസിന് പിന്തുണ നൽകികൊണ്ട് എത്തിയിരിക്കുന്നത്. പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും , അടിയന്തര ഘട്ടത്തിൽ രോഗികളെ സഹായിച്ചത്കൊണ്ട് കയ്യിലുള്ള പണം പിഴ നൽകി പണം  നഷടപ്പെട്ടെന്നും പലരും അനുഭവം പങ്കുവെച്ച് രംഗത്തെത്തി. ബസ് ലൈനിലേക്ക് മറ്റ് വാഹനങ്ങൾ കയറുന്നത് നിയമവിരുദ്ധമായതിനാൽ ഏതു സാഹചര്യത്തിലും അത് ചെയ്യാൻ അനുവാദമില്ലെന്ന എതിരഭിപ്രായങ്ങളും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്.

എന്തു തന്നെയായാലും രണ്ട് തവണ അപ്പീൽ നൽകിയിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിയാതെ മർക്കട മുഷ്ടി കാണിച്ചിരുന്ന കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ അല്പമൊന്ന് അയഞ്ഞു .ജെയിംസിൻറെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കൌൺസിലിൻറെ ഇപ്പോഴത്തെ നിലപാട്. 130 പൌണ്ട് പിഴ ഈടാക്കിയതും കൗൺസിൽ റദ്ദു ചെയ്തു.

“ഞങ്ങൾ ഈ സംഭവം അന്വേഷിച്ചു, പിഴ ചുമത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി, അത് റദ്ദാക്കിയിരിക്കുന്നു. തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”കൗൺസിൽ വക്താവ് പറഞ്ഞു. ഒരു കാരണവശാലും ബസ് ലൈനിലൂടെ വണ്ടി ഓടിക്കരുത് എന്നതിന് ഈ സംഭവം വലിയ പാഠമാണ് നൽകുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ ഉയരുന്ന സന്ദേശം.