ജപ്പാനിൽ ജോലിക്കിടെ കാണാതായ കണ്ണൂർ സ്വദേശിനി വി. ദേവികയ്ക്ക് (22) ദാരുണാന്ത്യം. ഇരിട്ടി പടിയൂർ സ്വദേശിനിയായ ദേവികയുടെ മരണം ജപ്പാനിലെ ഗിഫു മേഖലയിലാണ് സ്ഥിരീകരിച്ചത്. കകാമിഗഹാരയിൽ ട്രെയിൻ തട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് കുടുംബം ആശങ്കയിലായിരിക്കെയാണ് മരണവിവരം പുറത്തുവന്നത്. ജപ്പാനിലെ അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ദേവികയുടേതാണെന്ന് സ്ഥിരീകരിച്ചതെന്നാണ് വിവരം.
മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നേഴ്സിങ് കെയർ ജോലിക്കായി ആറുമാസം മുൻപാണ് ദേവിക ജപ്പാനിലെത്തിയത്. ഒരു സോഷ്യൽ വെൽഫെയർ സ്ഥാപനത്തിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ദേവികയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം ചില റിപ്പോർട്ടുകളിലുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ ജപ്പാനിലെ അധികൃതർ അന്വേഷണം തുടരുകയാണ്.
മരണവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ജനപ്രതിനിധികളും ഇടപെട്ട് മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ വിവരം. ഇതോടെ ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ കുടുംബം തീരുമാനിച്ചു.











Leave a Reply