ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളികളുടെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സവീധായകനായി അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 1998മുതൽ ഇന്ന് വരെ ലാൽ ജോസ് സംവീധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാളി കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ.

ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ചിത്രമാണ് പട്ടാളം. തിയറ്ററിൽ വൻ പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്. മമ്മൂട്ടിയെ കോമാളിയായി ചിത്രീകരിക്കാൻ നോക്കി എന്ന് ആരോപിച്ച് ഒട്ടനവധി മമ്മൂട്ടി ആരാധകരും അന്ന് രംഗത്ത് വന്നിരുന്നു. അത്തരത്തിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് ലാൽജോസ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിലായിരിന്നു ലാൽജോസിന്റെ വെളിപ്പെടുത്തൽ.

പട്ടാളം എന്ന സിനിമ ഇറങ്ങിയത്തിന് ശേഷം മമ്മൂട്ടി ഫാൻസിന്റെ ഒരംഗം തന്റെ വീട്ടിലേക്ക് വിളിക്കുകയും കൈ വെട്ടുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നാണ് ലാൽ ജോസ് പറയുന്നത്. മമ്മൂട്ടിയെ പോലെ ഒരാളെക്കൊണ്ടു ഞാൻ ഇതൊക്കെ ചെയ്യിച്ചത് പ്രേക്ഷകർക്ക് ഒരു ഷോക്ക് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ ആദ്യം ഇറക്കിയ പോസ്റ്റർ മമ്മൂട്ടി ഒരു വലയിൽ തലകീഴായി കിടക്കുന്ന ചിത്രമുള്ളതാണ്. പട്ടാളം എന്നൊരു പേരും ആ പോസ്റ്റർ കൊണ്ടൊക്കെ ഞാൻ ഉദ്ദേശിച്ചത് ഒരു തമാശ സിനിമ എന്ന മൂഡിലാണ് പക്ഷെ ആളുകൾ ഇതിനെ കണ്ടിരുന്നത് നായർസാബ് പോലെയുള്ള മമ്മൂട്ടിയുടെ മുൻ പട്ടാള സിനിമകൾ പോലെയാണ് ” ലാൽ ജോസ് പറഞ്ഞു.

” മമ്മൂട്ടിയെ പോലെ ഒരാളെക്കൊണ്ടു ഞാൻ ഇതൊക്കെ ചെയ്യിച്ചത് പ്രേക്ഷകർക്ക് ഒരു ഷോക്ക് ആയിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞ് മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ചാവക്കാട് ഉള്ള ഒരാൾ എന്റെ വീട്ടിലേക്ക് വിളിച്ചു എന്റെ നാലു വയസ്സുള്ള മോളാണ് ഫോൺ എടുത്തത്. അവർ അവളോട് പറഞ്ഞത് നിന്റെ അച്ഛന്റെ കൈ ഞങ്ങൾ വെട്ടും എന്നാണ്. മമ്മൂട്ടിയെപോലെയുള്ള മഹാനടനെ കോമാളി ആക്കി എന്നതാണ് പുള്ളിയുടെ പ്രശ്നം.അതിൽ പിന്നെ മോൾ എന്നെ വീടിന്റെ പുറത്തേക്ക് വിടില്ല. അത്രമാത്രം തിരിച്ചടി കിട്ടിയ സിനിമയായിരുന്നു പട്ടാളം.” ലാൽ ജോസ് കൂട്ടിച്ചേർത്തു.